ജോലിയിൽ നിന്ന് വിരമിച്ച ശേഷം ഒരു വരുമാന മാർഗ്ഗമായും, നേരം പോക്കായും അമ്മ തുടങ്ങിയതാണ് താറാവ് വളർത്തൽ. ആദ്യം ഐഡിയ പറഞ്ഞപ്പോൾ ഞാനും കൊള്ളാമല്ലോ എന്ന് കരുതി. പക്ഷേ അതിന് പുറകിൽ എന്റേതായ ഒരു കാരണവും ഉണ്ട്, പക്ഷേ അതിപ്പോൾ വേണ്ട, വഴിയെ പറയാം. എന്നെ അറിയാവുന്നവർക്ക് അത് പിടികിട്ടി കാണും. ബാക്കി ഉള്ളവർ കുറച്ച് ക്ഷമയോടെ വെയ്റ്റ് ചെയ്യാൻ അപേക്ഷിക്കുന്നു .
നമ്മൾക്ക് തിരിച്ച് താറാവ് വളർത്തലിലേക്ക് വരാം. ആദ്യത്തെ കൂട്ടം താറാവുകൾ അമ്മയുടെ സ്ഥിരം മീൻക്കാരൻ ആയ കോയ ആണ് തന്നത്. സത്യം പറഞ്ഞാൽ പുള്ളിക്കാരന് വീട്ടിൽ താറാവിനെ നോക്കാൻ പറ്റാതെ വന്നപ്പോൾ തന്നതാണ്. ചുമ്മാതെ ഒന്നും അല്ല ഒരെണ്ണം 300 രൂപക്ക് ആണ് അമ്മ വാങ്ങിയത് . ആദ്യമൊക്കെ വലിയ കരച്ചിലും ബഹളവും മറ്റും ആയിരുന്നു. വീട് മാറി വന്നതിന്റെയാവാം, പിന്നെ ചെറിയ കുറുമ്പൊക്കെ പതുക്കെ പതുക്കെ തുടങ്ങി. എന്നാലും അമ്മ പറയും, ഇതിനെക്കൊണ്ട് എന്തെങ്കിലും ഉപകാരം ഉണ്ട്, നിന്നെപ്പോലെ അല്ല. അത് പിന്നെ എല്ലാ മാതാപിതാക്കളുടെയും സ്ഥിരം പല്ലവി ആണല്ലോ. അതുകൊണ്ട് ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ ഞാൻ അത് വിട്ടു.
നേരത്തെ പറഞ്ഞ പോലെ കാര്യമായി വരുമാനം ഒന്നും കിട്ടിയില്ലെങ്കിലും നല്ല നേരം പോക്കാണ് അതിനെ ഓക്കെ കണ്ട് നിന്നാൽ. നമ്മുടെ തലവെട്ടം കണ്ട് കഴിഞ്ഞാൽ തീർന്നു, പിന്നെ ഒരു ബഹളം ആണ്. പിന്നെ കുറച്ച് നേരം കഴിയും എല്ലാം ഒന്ന് ശാന്തമാകാൻ. തീറ്റ കൊടുക്കുമ്പോൾ നമ്മളെ കാണാത്ത പോലെ ഒരു നിലപ്പാണ്. നമ്മൾ ഒന്ന് മാറി കഴിഞ്ഞാൽ പിന്നെ തീർന്നു. എല്ലാം കൂടെ എന്തോ യുദ്ധത്തിന് പോകുന്ന പോലെയാണ്.
ഇവർക്ക് സ്ഥിരം ആയി രണ്ട് സ്ഥലങ്ങൾ ആണ് ഉള്ളത്. ഒന്ന് രാത്രി ഉറക്കത്തിന് ഒരു കൂടിന്റെ അടിയിലും, രാവിലെ വെയിൽ കായാൻ നെറ്റ് കൊണ്ട് കെട്ടിയ ഒരു സ്ഥലവും. നേരം വെളുത്ത് കഴിഞ്ഞാൽ വെയിൽ കായാൻ തുറന്ന് വിടാനുള്ള ബഹളം ആണ്. തുറന്ന് വിട്ടാൽ, നേരെ വരി വരിയായി പരേഡ് നടത്തുന്ന പോലെ ഒരു പോക്കാണ്, നേരെ നെറ്റിട്ട സ്ഥലത്തേക്ക്. അത്രയും അച്ചടക്കം ഉള്ള നടത്തം കണ്ടാൽ മിസ്സ് വേൾഡ് പോലും ഒന്ന് നാണിച്ചു പോകും. അത്ര രസമാണ് ആ പോക്ക് കാണാൻ. പിന്നെ സന്തോഷ പ്രകടനങ്ങളും, ചേരി തിരിഞ്ഞുള്ള നിൽപ്പും ഒക്കെയാണ്. വെയില് കൂടുമ്പോൾ പതുക്കെ അടുത്തായി കുഴിച്ച ടാർപാള കുളത്തിലേക്ക്. ആരെയും കൂസാത്ത കുളി ഒന്ന് കാണേണ്ടത് തന്നെയാണ്. ഇരുട്ടാകും തോറും കൂട്ടിൽ തിരിച്ച് കയറാനുള്ള ബഹളം തുടങ്ങും. മടങ്ങിയുള്ള വരവ് കുറച്ച് വിഷമത്തോടെ ആണ്, അതോടൊപ്പം കുറേ ആശയകുഴപ്പത്തോടെയും. ഇരുട്ടായകൊണ്ട് ആണോ എന്നറിയില്ല, ഇടയ്ക്കൊക്കെ ചെറുതായി വഴി ഒക്കെ തെറ്റും. പിന്നെ ഒരു വെപ്രാളവും, കരച്ചിലും ആണ്. നമ്മൾ വഴി കാണിച്ച് കൊടുത്ത് കൂട്ടിൽ കയറിയാൽ പിന്നെ എന്നെ കൂട്ടാതെ പോയെനുള്ള പരിഭവം പറച്ചിലും.
പലപ്പോഴും നേരം പോവാൻ നമ്മൾ കുറേ ബുദ്ധിമുട്ടാറുണ്ട്. പ്രത്യേകിച്ചു ഈ കൊറോണ കാലത്ത്. എന്തായാലും ഈ താറാവ് കൂട്ടം എനിക്ക് നല്ലൊരു നേരം പോക്കാണ്.
പിന്നെ എന്നെ സംബന്ധിച്ചിടത്തോളം താറാവ് വളർത്തൽ നല്ലൊരു തീരുമാനം ആയി തോന്നിപ്പിച്ച ഘടകം, അത് കേരളത്തിലെ ഒരു ശരാശരി നസ്രാണി കുടുംബത്തിലെ അംഗം ആണെന്നുള്ളതാണ്. ഈസ്റ്ററും, ക്രിസ്തുമസും ഒക്കെ ആഘോഷിക്കാൻ താറാവിറച്ചിയില്ലാത്ത ഒരു തീൻ മേശ സ്വപ്നം പോലും കാണാൻ കഴിയാത്ത ഒരു ക്രിസ്ത്യാനിയുടെ രോദനം. പക്ഷേ എന്തുകൊണ്ടോ ഈ താറാവ് കൂട്ടം എന്റെ ഈസ്റ്റർ തീൻ മേശയെ എങ്ങനയോ കുറച്ച് മാറ്റിയ പോലെ.

Leave a comment