വേനൽ ചൂടിലെ കൊറോണക്കഥ

ചൂട് ചൂട് അസഹനീയമായ ചൂട്. ഇത് കേരളം തന്നെയാണോ, ഈ കടുത്ത ചൂടിനെയും ഉഷ്‌ണത്തേയും അവൾ മനസ്സിൽ പഴിച്ചു. വയറിൽ തടവിക്കൊണ്ട് തന്റെ ഗർഭാവസ്ഥയിലുള്ള കുഞ്ഞിനോട് ആതിര ആരാഞ്ഞു, “എന്റെ കുഞ്ഞു വാവയ്ക്ക് ചൂടാണോ, നമുക്ക് വാവയുടെ അച്ഛനോട് പറയണം കേട്ടോ”.അവൾക്ക് ഇത് വളരെ കഠിനകരമായ സമയമായിരുന്നു. തന്റെ ഗർഭസ്ഥ ശിശുവിന് 6 മാസം തികഞ്ഞ ദിവസമായിരുന്നു ഇന്ന്. ഓരോ ദിവസവും തള്ളി നീക്കാൻ അവൾ നന്നേ പണിപ്പെട്ടു. ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥയായ സ്റ്റാഫ് നഴ്സ് അല്ലെങ്കിൽ നമ്മളൊക്കെ പറയുന്ന പോലെ “മാലാഖ”യായിരുന്ന അവൾ, തന്റെ എല്ലാ അസ്വസ്ഥതകളും മറന്ന് ആത്മാർഥതയോടെ ജോലിക്ക് പോയി വന്നു. മുൻപ് നിപ്പ വന്നപ്പോഴും പ്രളയം വന്നപ്പോഴും നമുക്ക് താങ്ങായി നിന്ന ഈ മാലാഖമാർ, ഇന്ന് ഈ കൊവിഡ് കാലത്തും സർവ്വസജ്ജമായി നമ്മുടെ ഒപ്പം തന്നെയുണ്ട്. നമ്മുടെ ആശുപത്രികൾ നേരിടുന്ന ഒരു പൊതുവായ പ്രശ്നം, മതിയായ ഉദ്യോഗസ്ഥർ ഇല്ല എന്നതാണ്. ഓരോ മാലാഖമാരും ഇരട്ടി പണി ചെയ്തിട്ടാണ് നമ്മുടെ പല ആശുപത്രികളും ഇന്ന് മുന്നോട്ട് പോകുന്നത്.

സാമൂഹിക സേവനത്തിലതിഷ്ഠിതമായി ജീവിക്കുന്ന ഈ മാലാഖ ഒരു ഇടത്തരം കുടുംബത്തിലെ എല്ലാ ഭാര്യമാരെയും പോലെ തന്റെ ഭർത്താവിനെ ഏറെ സ്നേഹിച്ചിരുന്നു. അവൾക്ക് എന്നും ഒരു വ്യാകുലത മാത്രമാണുണ്ടായിരുന്നത്. തന്റെ ഒപ്പം ഇല്ലാത്ത അരുണേട്ടനെകുറിച്ചുള്ള ചിന്തകൾ. അവളെപ്പോഴും തന്റെ ഭർത്താവിന്റെ സ്നേഹവും വാത്സല്യവും സാമീപ്യവും ആഗ്രഹിച്ചിരുന്നു. ഈ ഗർഭകാലത്ത് മറ്റാരുമില്ലെങ്കിലും അരുണേട്ടൻ ഉണ്ടായിരുന്നെങ്കിലെന്ന് അവളെന്നും അമ്മയോട് പരാതി പറഞ്ഞു.
സ്നേഹനിധിയായ ആതിരയുടെ ഭർത്താവ് അവളെ സന്തോഷിപ്പിക്കാൻ നന്നേ പണിപ്പെട്ടു. അയാൾ എന്നും തന്റെ നിസ്സഹായാവസ്ഥയെ ശപിച്ചു. ഗർഭിണിയായ തന്റെ ഭാര്യ അനുഭവിക്കുന്ന ഈ കഷ്ടപ്പാടുകൾ കണ്ടിട്ട് അയാൾക്കും നന്നായ് ഉറങ്ങാൻ സാധിച്ചിരുന്നില്ല. അവളെ സമാധാനിപ്പിക്കാൻ അയാൾ ശ്രമിച്ചത് ജോലിക്ക് ഇടയിൽ ഒഴിവ് സമയങ്ങൾ കണ്ടെത്തി അവളെ ഫോൺ വിളിച്ചാണ്. ആധുനിക കാലത്തിന്റെ സാങ്കേതികത എത്രത്തോളം വളർന്നു എന്ന് അരുൺ ഒന്നാലോചിച്ചു പോയി. തന്റെ പ്രവാസിയായിരുന്ന പിതാവ് പണ്ടൊക്കെ വീട്ടിൽ അമ്മയോട് അശയ വിനിമയം നടത്തിയിരുന്നത് കത്തുകളിലൂടെയായിരുന്നു. കാലങ്ങൾ കടന്നു പോയപ്പോൾ അത് പതിയെ ഫോൺ വിളികളിലേക്ക് മാറി. പണ്ടൊക്കെ അച്ഛൻ കാർഡുകൾ വാങ്ങി വീട്ടിലേക്ക് വിളിച്ചതവൻ ഓർത്തെടുത്തു. സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ‘മക്കളെ കാർഡ് തീരാറായി കേട്ടോ’ എന്ന് അച്ഛൻ പറയാറുണ്ടായിരുന്നു. എന്നാൽ ഇന്ന് ഈ നവയുഗത്തിൽ, ഒട്ടനവധി മാധ്യമങ്ങളുള്ള ഈ കാലത്ത്, ഉള്ളം കയ്യിലാണ് ഫോണുള്ളത്. ലോകത്തിന്റെ ഏതറ്റത്തിരുന്നുകൊണ്ടും നാട്ടിൽ എന്ത് നടക്കുന്നുവെന്ന് കണ്ട് സംസാരിക്കാനുള്ള സൗകര്യം ഇന്ന് നമുക്ക് ലഭ്യമാണ്. അവൻ തന്റെ കാലത്തിന്റെ വളർച്ചയോർത്ത് അഭിമാനിച്ചു.

ജോലി കഴിഞ്ഞ് തിരിച്ചെത്തിയ അരുൺ കുളിയും ജപവുമൊക്കെ കഴിഞ്ഞു ഒരു നെടുവീർപ്പോടെ തന്റെ പ്രിയതമയെ വിളിക്കുവാനായി ആൻഡ്രോയ്ഡ് ഫോണെടുത്ത് വാട്ട്സ്ആപ്പിലെ വീഡിയോ ബട്ടണിൽ അമർത്തി. ആതിര‌ അരുണിൻ്റെ കോളിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. അവൾ ആദ്യത്തെ റിങ്ങിൽ തന്നെ കോൾ എടുത്തു.

“അരുണേട്ടൻ ഇതെവിടെയായിരുന്നു. എത്ര നേരമായി ഞാൻ കാത്തിരിക്കുന്നു. നമ്മുടെ കുഞ്ഞു ആളാകെ ഉഷാറാണ് കേട്ടോ. നിങ്ങളെ പോലെ ആളൊരു ഉശിരനാണെന്ന് തോന്നുന്നു. അവന്റെ ചവിട്ടിനൊക്കെ നല്ല ശക്തിയാ. നേരത്തെ ഒരു ചവിട്ടിന് ഞാനിവിടെ ഇരുന്നു പോയീ..”

“ആണോ എവിടെ എന്റെ ചക്കര… നീ എന്നെ ഒന്ന് കാണിച്ചേ… ഞാൻ സംസാരിക്കട്ടെ”. ആതിര ഫോൺ തന്റെ വയറിന് അഭിമുഖമായി പിടിച്ചു.

“വാവേ എന്റെ ചക്കുടു… നമ്മുടെ പാവം അമ്മയല്ലേ.. കുഞ്ഞു വേദനിപ്പിക്കല്ലേ… പതിയെ ചവിട്ടിയാൽ മതി കേട്ടോ. അച്ഛന്റെ ചക്കര കുട്ടിയാണോ… നമ്മുടെ അമ്മയ്ക്ക് കുഞ്ഞിനെ എന്തിഷ്ടമാണെന്ന് അറിയാമോ… വാവയ്ക്ക് വേണ്ടിയെന്നും എപ്പോഴും പ്രാർത്ഥനയാ.. അമ്മയെ പോലെ സുന്ദരി മോളാണോ അതോ അച്ഛനെ പോലെ ചക്കര കുട്ടനാണോ…?”

അരുണേട്ടൻ കുഞ്ഞിനോട് വാചാലനാകുന്ന അൽപനേരം അവൾ നോക്കിയിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ എല്ലാ സ്ത്രീകളിലും കാണുന്ന ആ പൊതുവികാരം അവളിലും ഉടലെടുത്തു – കുശുമ്പ്.

അവൾ പെട്ടെന്ന് തന്നെ ഫോൺ തിരികെ അവളുടെ നേരെ പിടിച്ച് എന്നിട്ട് ഒരു ലേശം പിണക്കത്തോടെ അരുണേട്ടനെ നോക്കാത്ത മട്ടിൽ മുഖം തിരിച്ചുക്കളഞ്ഞു.

“ഏ ഇതെന്തു പറ്റി പെണ്ണേ, നീ എന്താ എന്നോട് ഒന്നും മിണ്ടാത്തെ.”
അല്പം കോപത്തോടെ അവൾ പറഞ്ഞു “നിങ്ങൾ അച്ഛനും കുഞ്ഞും സംസാരിക്കുവല്ലേ നിങ്ങൾക്ക് ഇനി എന്നെ വേണ്ടാല്ലോ. ഞാനിവിടെ കിടന്നനുഭവിക്കുന്ന ബുദ്ധിമുട്ടൊന്നും നിങ്ങൾക്കറിയില്ലല്ലോ?”

അരുൺ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. “അങ്ങനൊന്നുമല്ല പെണ്ണേ.. എനിക്ക് എന്നെക്കാളും കൂടുതൽ നിന്നേയല്ലേ ഇഷ്ടം. നമ്മുടെ വാവ നമ്മുടെ സ്നേഹത്തിന്റെ പ്രതീകമല്ലേ. നിന്റെ പ്രയാസങ്ങളെല്ലാം എനിക്ക് നന്നായിട്ട് അറിയാം. അതുകൊണ്ടല്ലേ എപ്പോഴും ഞാൻ നിന്നെ വിളിക്കുന്നത്.”
ആ ആശ്വാസ വാക്കുകൾ അവളെ പെട്ടെന്ന് തന്നെ കോപത്തിൽ നിന്നും മുക്തയാക്കി. “എന്നാണ് അരുണേട്ടാ നിങ്ങൾ വരുന്നത്. എനിക്ക് നിങ്ങളെ കാണാൻ തോന്നുന്നു. നിങ്ങൾ ഒന്ന് വേഗം വന്നിരുന്നെങ്കിൽ.”

“എന്റെ വാവേ… എനിക്കും അഗ്രഹമില്ലാഞ്ഞിട്ടാണോ ഇവിടെ നിനക്കറിയില്ലേ ശമ്പളമൊക്കെ കുറച്ച് കിട്ടാൻ ബാക്കിയില്ലേ. എന്തായാലും നമ്മുടെ വാവ വരുന്ന സമയമാകുമ്പോഴേക്കും എനിക്ക് വരാൻ പറ്റും”

ആതിരയ്ക്ക് തന്റെ സങ്കടം നിയന്ത്രിക്കാൻ സാധിച്ചില്ല. അവൾ നനഞ്ഞ കണ്ണുകളോടെ പറഞ്ഞു “എന്റെ ചുറ്റും എല്ലാവരുമുണ്ട്. ഇവരെല്ലാം എന്നെ നന്നായിട്ടാണ് നോക്കുന്നത്, പക്ഷേ എനിക്ക് നിങ്ങളുടെ സാന്നിധ്യം മാത്രമില്ല. എനിക്ക് മറ്റൊന്നും വേണ്ട, നിങ്ങളെന്റെ കൂടെയുണ്ടായിരുന്നെങ്കിലെന്ന് എപ്പോഴും ഞാനാഗ്രഹിക്കുന്നു. ആശുപത്രിയിലേക്ക് പോകുമ്പോൾ എല്ലാ ഭാര്യമാരുടെയും ഒപ്പം അവരുടെ ഭർത്താക്കന്മാരും ഉണ്ടാവും. എനിക്ക് മാത്രം ഇല്ല. എനിക്ക് അന്നേരം നിയന്ത്രിക്കാനാകാത്തവിധം കരച്ചിൽ വരും അരുണേട്ടാ..”

“നീ എന്നെ ഇങ്ങനെ സങ്കടപെടുത്തല്ലേ, എനിക്ക് അതിനേക്കാളും ആഗ്രഹമുണ്ട്. വന്നിട്ട് നിന്റെ വയറിൽ നമ്മുടെ കുഞ്ഞിനെ ഒന്ന് ചുംബിക്കണമെന്ന്. പക്ഷേ എന്തു ചെയ്യാനാ… ഈ പ്രവാസം അതിന്റെ വേദന നമ്മൾ അനുഭവിച്ചല്ലേ മതിയാവൂ. നാട്ടിൽ ഒരു ചെറിയ ജോലി ആയിരുന്നെങ്കിലും മതിയായിരുന്നു. ഈ ഗൾഫും എല്ലാം അവസാനിപ്പിക്കണം.”

“സാരമില്ല അരുണേട്ടാ ഞാനെന്റെ വിഷമം കൊണ്ട് പറഞ്ഞതാ. എല്ലാം എനിക്കും നമ്മുടെ പിറക്കാനിരിക്കുന്ന കുഞ്ഞിനും വേണ്ടിയല്ലേ. നിങ്ങളുടെ വരവിനു വേണ്ടി ഞാൻ കത്തിരിക്കുകയാണ്.”

അരുൺ വളരെ പണിപ്പെട്ടു അവളുടെ ശ്രദ്ധ മാറ്റാൻ ശ്രമിച്ചു.” വേറെ എന്തുണ്ട്. എങ്ങനുണ്ട് നിനക്ക്, അസ്വസ്ഥത ഒക്കെ കുറവുണ്ടോ.?”

“ഒന്നും പറയണ്ട ചൂടെന്ന് പറഞ്ഞാല് ഭയങ്കര ചൂട്. അവിടത്തെക്കാളും ചൂടാ ഇവിടെ. സഹിക്കാൻ വയ്യ. ഇങ്ങനെ ഇരിക്കുന്നത്കൊണ്ട് അതിന്റെ ബുദ്ധിമുട്ട് വേറെ.”

“ഞാൻ നിനക്കൊരു സർപ്രൈസ് തരാനിരിക്കുകയാണ്, ഇനിയിപ്പോ അത് വേണ്ട. ഞാൻ പറയാം, ഏട്ടൻ നിനക്ക് വേണ്ടി ഓൺലൈനായി ഒരു ഏസി ഓർഡർ ചെയ്തിട്ടുണ്ട്. ചിലപ്പൊ അടുത്ത ആഴ്ച്ച എത്തും. ഇനി നീ പേടിക്കണ്ട. തൽകാലം കുറച്ചു ദിവസം നീ ഒന്നു അഡ്ജസ്റ്റ് ചെയ്യ്.”

ആതിര ഒട്ടും പ്രതീക്ഷിച്ചില്ല അത്.”നേരാണോ അരുണേട്ടാ.. എനിക്കറിയാം നിങ്ങൾക്ക് എന്നെ ഭയങ്കരിഷ്ടാണെന്ന്. ഐ ലവ് യൂ ♥️♥️♥️ അരുണേട്ടാ… ഉമ്മ….😘😘😘”

“മ് പിന്നെ പിന്നെ അവളുടെ ഒരു പുന്നാരം. ഏസി കിട്ടിയതിന്റെ സന്തോഷമല്ലേ. അല്ലാണ്ട് എനിക്ക് ഒരു ഉമ്മ കിട്ടിയിട്ട് എത്ര കാലമായി 😉😉😉 . നിനക്ക് എന്നോട് സ്നേഹം ഉണ്ടൊ?”

“പോ അവിടുന്നു അരുണേട്ടാ.. എന്റെ ജീവിതം മുഴുവനും എനിക്ക് നിങ്ങളോടുള്ള സ്നേഹമാണ്. അതിലും വലുതായി എനിക്ക് മറ്റൊന്നുമില്ല. നിങ്ങൾ മാത്രമാണെൻ്റെ ലോകം. നമ്മുടെ കല്യാണത്തിനു വേണ്ടി ഞാൻ വീട്ടിൽ എത്ര തല്ലും വഴക്കുമൊക്കെ ഉണ്ടാക്കിയതാ, എന്തൊക്കെ കോലാഹലങ്ങൾ ആയിരുന്നു… നിങ്ങൾ അതൊക്കെ മറന്നു പോയോ?”

” ഒക്കെ അറിയാം അതൊക്കെ മറക്കാൻ പറ്റുമോ.. നിന്റെ വായിൽ നിന്നും അതൊക്കെ കേൾക്കാൻ ഒരു സുഖമല്ലേ. ഐ ലവ് യൂ♥️♥️♥️ അമ്മൂസേ…”

നാണം കൊണ്ട് അവളുടെ മുഖം ചുവക്കുന്നത് അവൻ കണ്ടു. അവരുടെ സംഭാഷണം അങ്ങനെ തുടർന്നു. ഒരുമിച്ച് ഇല്ലായിരുന്നിട്ട് പോലും അവരുടെ ദാമ്പത്യം അത്രമേൽ മനോഹരമായിരുന്നു.

“പിന്നെ അരുണേട്ടാ ചൈനയിൽ നിന്നും പുതിയ ഒരു രോഗം പടരുന്നുണ്ട് നിങ്ങൾ അറിഞ്ഞൊ?”

” ആ ഞാനും വാർത്തകളിലൊക്കെ കണ്ടിരുന്നു… കൊവിഡ്19, ഇതുവരെ ഇവിടെ കുഴപ്പമില്ല. എന്നാലും നീ ശ്രദ്ധിക്കണേ. ഡ്യൂട്ടിക്ക് പോകുന്നതല്ലേ പെണ്ണേ… നീ മാസ്കൊക്കെ ധരികുന്നില്ലേ.. പിന്നെ ഗ്ലൗസ്…”

“എന്റെ അരുണേട്ടാ… അതൊക്കെ ഉണ്ട്… ഞങ്ങൾ ഹെൽത്തിൻ്റെ അൾക്കാരല്ലേ ഇവിടെ ഒന്നും പേടിക്കാനില്ല… പിന്നെ ഇപ്പൊ വാവ വയറ്റിൽ ഉള്ളത് കൊണ്ട് ജോലി ഇച്ചിരി പ്രയാസമാണ് “

“നിനക്ക് വേണമെങ്കിൽ ലീവ് എടുക്ക് ഞാൻ ഒരുപാട് തവണ പറഞ്ഞതല്ലേ…”

“വേണ്ട ഏട്ടാ ഇപ്പൊ കുഴപ്പമില്ല. എന്റെ സഹപ്രവർത്തകരെല്ലാം നല്ല അടുപ്പത്തിലാ അവരൊക്കെ എന്നെ സഹായിക്കുന്നുണ്ട്.”

” മ് എന്നാലും നീ സൂക്ഷിക്കണം കേട്ടോ.”

” എന്റെ പൊന്നേ.. ഞാൻ സൂക്ഷിക്കാം… വാവേ നിന്റെ അച്ഛനോട് നമ്മളെ ഒന്നു ഉറക്കാൻ പറ. ഇന്ന് സംസാരിച്ച് നേരം വെളുപ്പിക്കുമെന്ന് തൊന്നുന്നു.”

“ശരി ശരി… എന്റെ രണ്ടു വാവകളും ഉറങ്ങിക്കൊ…ബൈ ബൈ ഗുഡ് നൈറ്റ്.” മനസ്സില്ലാമനസ്സോടെ ബൈ പറഞ്ഞു അരുൺ കോൾ കട്ട് ചെയ്തു.

അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു. കൊവിഡ്19 എന്ന മഹാമാരി ലോകമെമ്പാടും പൊട്ടി പുറപെട്ടു. ഇന്ത്യയിലും ഗൾഫിലും ഒക്കെ വ്യാപിക്കാൻ തുടങ്ങി. എല്ലാവരും ഭീതിയിൽ ആഴ്ന്നു.

അരുൺ വല്ലാതെ വിഷമിച്ചു. അവന്റെ ജോലിയെയും നാട്ടിലേക്ക് പോകാനുള്ള സാധ്യതകളേയും അത് വല്ലാതെ ബാധിച്ചു. എപ്പോഴും അവന്റെ മനസ്സിൽ ഒരു കാര്യം മാത്രമാണുണ്ടായിരുന്നത്. തന്റെ ഉറ്റവരും ഉടയവരും ഈ അസുഖത്തിൽ അകപേടരുതേ എന്നായിരുന്നു അവന്റെ പ്രാർത്ഥന. അവൻ എപ്പോഴും വീട്ടിലേക്ക് വിളിച്ചു സുഖവിവരങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്നു.
” അമ്മൂസേ എങ്ങനെയുണ്ട് നാട്ടിൽ കാര്യങ്ങൾ.”

” കുഴപ്പമൊന്നുമില്ല അരുണേട്ടാ. നമ്മുടെ ജില്ലയിൽ ഒന്ന് രണ്ട് കേസുകൾ ഉണ്ട്, പക്ഷേ ഞാൻ ജോലി ചെയ്യുന്ന ഹോസ്പ്പിറ്റലിൽ ഇതുവരെ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കുറച്ച് നിയന്ത്രണങ്ങളൊക്കെയായി. പിന്നെ നമ്മുടെ പ്രധനമന്ത്രി നാളെ ജനത കർഫ്യു ആചരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട് കേട്ടോ..”

“മ് ഞാനറിഞ്ഞു…. അപ്പോ നിനക്ക് ഡ്യൂട്ടിക്ക് പോകണ്ടേ..?”

“എനിക്ക് പോകണം നമ്മൾ ഗവ: സെർവൻ്റ്സ് അല്ലെ. പ്രത്യേകിച്ച് ആരോഗ്യ മേഖല. മാലാഖമാരുടെ സേവനം ഇപ്പൊ ഏറ്റവും അത്യാവശ്യമല്ലെ. “

“നീ എന്താ മറ്റേർണിറ്റി ലീവ് എടുക്കാത്തേ? ഇനിയിപ്പോ എടുക്ക് വേറെ ഒന്നും നോക്കണ്ട..” അരുണിന്റെ മനസ്സിൽ തന്റെ ഭാര്യയെ കുറിച്ചുള്ള ആകുലതകൾ ഉണ്ടായിരുന്നു. അവൻ അവളുടെ സുരക്ഷിതത്വം മാത്രമാണ് ആഗ്രഹിച്ചത്.

“അരുണേട്ടാ അങ്ങനെ പറയല്ലേ..എനിക്ക് ഇപ്പൊ പ്രത്യേകിച്ച് ബുദ്ധിമുട്ടുകളൊന്നും ഇല്ല… ഞാൻ ജോലിക്ക് പോകാതിരിക്കുന്നത് ശരിയല്ല. പാപം കിട്ടും. നമ്മുടെ സേവനം പ്രതീക്ഷിച്ചു ഒരുപാട് രോഗികൾ ഉണ്ട്. അശരണരായ അവർ വേറെ എവിടെ പോകാനാണ്. ഗവ: ആശുപത്രികൾ മാത്രമാണവരുടെ ആശ്രയം. ഇപ്പൊ സ്റ്റാഫ് കുറവാ. ഞാൻ ഇപ്പൊ ലീവ് എടുത്താൽ അത് അവരെ ബാധിക്കും. അത് വേണ്ട. എന്തായാലും പ്രസവം ആകുമ്പോൾ ലീവ് എടുക്കണം അത് മതി. അപ്പോഴേക്കും നോക്കാം.”

തൻ്റെ ഭാര്യയുടെ ആത്മസമർപ്പണത്തിൽ അവൻ അഭിമാനിച്ചു. “ശരി ശരി നിന്നോട് തർക്കിച്ചു ജയിക്കാൻ ദൈവം തമ്പുരാന് പോലും പറ്റില്ല, സമ്മതിച്ചേ, പക്ഷേ എന്ത് ബുദ്ധിമുട്ടുണ്ടെങ്കിലും നീ എന്നോട് പറയണം കേട്ടോ “

“അരുണേട്ടാ… അതൊക്കെ ഞാൻ പറഞ്ഞോളാം. ആ വേറൊരു കാര്യം പറയാൻ മറന്നു. ഇന്ന് രാവിലെ നമ്മുടെ ഏസി വന്നു കേട്ടോ.”

“ആണോ സൂപ്പർ. ഞാൻ എന്നാൽ സർവീസ് ഏജന്റിനെ വിളിക്കാം അവർ വന്നു അത് ഇൻസ്റ്റാൾ ചെയ്യും. ഓക്കെ അമ്മൂസേ ഞാൻ പിന്നെ വിളിക്കാം.” അരുണിന് വളരെ അധികം സന്തോഷം തോന്നി.

“ശരി അരുണേട്ടാ… ഞാൻ ഭക്ഷണം കഴിക്കട്ടെ നല്ല വിശപ്പ്.”

“നന്നായ്‌ട്ട് കഴിക്കണേ.. ശ്വാസം മുട്ട് ഉണ്ടെങ്കിൽ ഡിവൈഡഡ് മീൽ കഴിച്ചാൽ മതി കേട്ടോ. അഞ്ചൊ ആറൊ തവണയായിട്ട് കഴിക്ക്.”

“മ് അങ്ങനെ ചെയ്യാം അരുണേട്ടാ. നിങ്ങൾക്കെന്നോട് എന്തൊരിഷ്ട്ടാ. എനിക്ക് മാത്രമേ കാണൂ ഇത്രേം സ്നേഹനിധിയായ ഭർത്താവ്. എന്റെ പൊന്നാണ് “

2 ദിവസങ്ങൾക്ക് ശേഷം ജനത കർഫ്യുവും കഴിഞ്ഞു.. പ്രധാനമന്ത്രി അടുത്ത പ്രസ്സ് മീറ്റിൽ രാജ്യമെമ്പാടും 21 ദിവസത്തെ ലോക്ടൗൺ പ്രഖ്യാപിച്ചു. എല്ലാ സേവനങ്ങളും നിർത്തി. വീട്ടിൽ പുതിയതായി എത്തിയ ഏസി സൽക്കാരമുറിയുടെ മൂലയിൽ ഇടം പിടിച്ചു. സർവീസ് ഏജന്റുമാർ കർഫ്യു കഴിഞ്ഞ് മാത്രമേ വരുള്ളു എന്ന അവസ്ഥയായി. പിന്നീടുണ്ടായ അവരുടെ സംഭാഷണങ്ങളിൽ നിറഞ്ഞു നിന്നത് കർഫ്യു കാലത്തെ ചില തമാശകളെക്കുറിച്ചായിരുന്നു. പഴം വാങ്ങാൻ കർഫ്യു സമയത്ത് കാറിൽ പുറത്തിറങ്ങിയ ചെക്കന്റെ കഥ, ഡ്രോണുകൾ പാറി നടക്കുന്ന കഥ അങ്ങനെ തുടങ്ങി പാത്രം കൊട്ടലും പന്തം കൊളുത്തലും വരെ വ്യത്യസ്തങ്ങളായ പല പല വിഷയങ്ങൾ അവർ ചർച്ച ചെയ്തു. അതിൽ ഏറ്റവും കൂടുതൽ അതിരയെയും അരുണിനെയും ചിരിപ്പിച്ചത് ഫേസ്ബുക്കിൽ അവർ കണ്ട ഒരു വീഡിയോ ആണ്‌. കർഫ്യു സമയത്ത് അരും കാണാതെ കുളത്തിൽ ഒരു ചെറിയ കുളി പാസാക്കാൻ പോയ അമ്മാവൻ, പരിചയം ഇല്ലാതെ കണ്ട ഡ്രോണിനെ കല്ലെറിയാൻ ശ്രമിക്കുന്നതും, ഡ്രോൺ ജീവനും കൊണ്ട് ഓടുന്നതും.😂😂😂

“അരുണേട്ടാ ഇനിയിപ്പോ ലോക്ടൗൺ കഴിഞ്ഞാലല്ലേ ഏസി ഒന്ന് ഫിറ്റ് ചെയ്ത് കാണാൻ പറ്റുള്ളൂ. എന്ത് ചെയ്യാനാ അരുണേട്ടാ. ചൂട് കാരണം ഉറങ്ങാൻ വയ്യ. നമ്മുടെ കുഞ്ഞും ചൂട്‌ അനുഭവിക്കുമായിരിക്കും അല്ലേ “

“പോ പെണ്ണേ, കുഞ്ഞു അംനിയോട്ടിക് ദ്രവത്തിലല്ലെ കിടക്കുന്നത്. അവനു കുഴപ്പമൊന്നുമില്ല. സുഖായിട്ടിരിക്കുവാ നീ പേടിക്കാതെയിരിക്ക്. ഇത്രയും ദിവസം നീ സഹിച്ചിരുന്നില്ലേ, ലോക്ടൗണൊക്കെ വേഗം ഒഴിവായിക്കോളും”

“മ് വേറെയെന്തൊക്കെയുണ്ട് അരുണേട്ടാ”

“എന്നാലും ഒരു ചെറിയ വൈറസ് വരുത്തിയ വിന നോക്കണേ. ലോകമെങ്ങും എത്രയെത്ര ആളുകളാണ് മരിക്കുന്നത്, ഈ ചൈനക്കാർ എല്ലാവർക്കും നല്ല എട്ടിന്റെ പണിയാണ് തന്നത് “

” ശരിയാ ഞാൻ ഫേസ്ബുക്കിൽ ചില വീഡിയോകൾ കാണാറുണ്ട്. പച്ചക്കല്ലെ അവർ ഓരോന്നിനെ ഒക്കെ ഭക്ഷിക്കുന്നത് അങ്ങനെയാണ് ഈ അസുഖം വന്നതെന്ന് പറയുന്നുണ്ട്. എന്താണോ ആവോ.. “

“ചിലരൊക്കെ അവന്മാർ തന്നെ ഉണ്ടാക്കിയതാണെന്നൊക്കെ പറയുന്നു. എന്നാലും ഇപ്പൊ നമ്മുടെ നാട്ടിലും ഈ അസുഖം പടർന്നു പിടിക്കുവല്ലെ… സൂക്ഷിക്കണം.”

“അരുണേട്ടാ നിങ്ങൾ വാർത്തകളൊന്നും കേൾക്കുന്നില്ലേ. നമ്മുടെ ഇരട്ട ചങ്കൻ സഖാവ് സൂപ്പറല്ലേ. പിന്നെ നമ്മുടെ പോലീസുകാരും ഞങ്ങൾ ഹെൽത്ത് വർക്കേഴ്സും മമ്മൂക്ക പറയുന്നത് പോലെ ഡബിൾ സ്ട്രോങ്ങാ. നമ്മൾ നിപ്പയും പ്രളയവുമൊക്കെ അതിജീവിച്ചതാണ്, ഇതും അതിജീവിക്കും. പക്ഷേ എനിക്കിപ്പൊ അതിജീവിക്കാൻ പറ്റാത്ത ഒരേയൊരു കാര്യമേയുള്ളു, ചൂട് എന്തൊരു ചൂടാണിത്. ഒരു 5 മിനുട്ടിരിക്കുമ്പോഴേക്കും വിയർത്തൊലിക്കും. ആറ്റു നോറ്റിരുന്നൊരു ഏസി വാങ്ങി. അത് വീട്ടിൻ്റെ മൂലയിൽ ഇൻസ്റ്റാൾ ചെയ്യാൻ പറ്റാതെയിരിക്കുന്നു. ഈ കൊറൊണയെ കൊണ്ട് തോറ്റു. “

“ഞാൻ രണ്ടു ഇമേയിൽ ഒക്കെ ചെയ്തു നോക്കി ഒരു രക്ഷയുമില്ല. ഏപ്രിൽ 14 കഴിയാതെ ഒരു പരിപാടിയും നടക്കില്ല. നീ ചൂടെട്കുമ്പോൾ ഏസിയുടെ അടുത്ത് പോയിരിക്ക് കുറച്ച് നേരം. “

“ആഹാ നല്ല തമാശ ചില സമയത്ത് അരുണേട്ടന്റെ നിലവാരം കുറഞ്ഞ തമാശകൾ അസ്ഥാനത്താണ് കേട്ടോ. “

“ഞാൻ വെറുതെ പറഞ്ഞതല്ലേ പെണ്ണേ. നീ വിഷമിക്കണ്ട എല്ലാം ശരിയാകും.”

ആഴ്ചകൾ കഴിഞ്ഞു, ചൂട് കടുത്തു, കർഫ്യുക്കാലം അവസാനിക്കാറായി. പ്രധാനമന്ത്രി വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്തു. ജനങ്ങളെല്ലാം പുതിയ ടാസ്ക് കാത്തിരിക്കുകയായിരുന്നു. പക്ഷെ ഇത്തവണ, ആരോഗ്യ മേഖലയില്‍ പ്രവർത്തിക്കുന്നവരെയും പൊലീസുകാരെയും പ്രകീർത്തിച്ചുകൊണ്ടായിരുന്നു അദ്ദേഹം സംസാരിച്ചത്. ചില അടിസ്ഥാന കാര്യങ്ങൾക്കുള്ള നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി ഒഴിവാക്കുന്നതിനെക്കുറിച്ചും അറിയിച്ചു.

“അമ്മുസേ നീ അറിഞ്ഞില്ലേ എസെൻഷ്യൽ സർവീസസ് ഒക്കെ പുനരുജ്ജീവിപ്പിച്ചു നീ ആ ഏസിയുടെ ആൾക്കാരെ ഒന്ന് വിളിച്ച് നോക്ക്. “

“ഞാൻ വിളിച്ചിരുന്നു അരുണേട്ടാ.. അവർ വരാമെന്ന് പറഞ്ഞു.”

“ഹൊ ആശ്വാസം അങ്ങനെ നമ്മുടെ വീട്ടിൽ ഏസി ഇൻസ്റ്റാൾ ചെയ്യാൻ പോകുന്നു. “

“അതേ അരുണേട്ടാ എന്തായാലും ചൂടിനൊരു ആശ്വാസം ആകുമല്ലോ. പിന്നെ നിങ്ങൾ സൂക്ഷിക്കുന്നുണ്ടാെ. സമയത്ത് ഭക്ഷണം ഒക്കെ കഴിക്കണം. ജോലിക്ക് പൊകുമ്പൊ നന്നായിട്ട് ശ്രദ്ധിക്കണം. മാസ്കും ഗ്ലൗസും ഇല്ലാതെ എങ്ങും പോകേണ്ട.”

“അതൊക്കെ ഉണ്ടെടി പെണ്ണേ.. നീ പേടിക്കേണ്ട..”

” മ് ശരി. ഞാൻ പിന്നെ വിളിക്കാം “

അങ്ങനെ ഒരു വിഷു ദിവസം സമാഗതമായി. നരഗാസുരൻ ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ട, വിളവെടുപ്പ് കാലം കഴിഞ്ഞ് അദ്യത്തെ ദിവസമാണ് നാം വിഷുവായി ആചരിക്കുന്നത്. തലേ ദിവസം തന്നെ വീട്ടിലെ മൂത്ത കാരണവർ ആയ അച്ഛൻ വിഷുക്കണി തയ്യാറാക്കി വച്ചിരുന്നു. അതാണ് ആചാരം. വളരെ മനോഹരമായ ഒരു വിഷുക്കണി. ഓട്ടുരുളിയിൽ നിറയെ നെല്ല്, അതിൻ്റെ ഉപരിതലത്തിൽ നിരയായി വെറ്റിലയും മുകളിൽ പാക്കും നാണയവും, വശങ്ങളിലായി കണിവെള്ളരിക്ക, സ്വർണാഭരണം, നാണയത്തുട്ടുകൾ, പച്ചകറികൾ, പഴവർഗങ്ങൾ, ഉരുളിയുടെ വശത്തായി ഒരു മുഴുവൻ ചക്ക, വെള്ളം നിറച്ച കിണ്ടി, കൊടിമുണ്ട്, അഞ്ച് തിരിയിട്ട നിലവിളക്ക്, ഒത്ത നടുവിലായി വച്ചിരിക്കുന്ന വാൽക്കണ്ണാടിയും ഒരു കുല കണിക്കൊന്നയും കണ്ണിനു കുളിർമയും ഐശ്വര്യപൂർണ്ണവുമായ ഒരു വിഷുക്കണിയായിരുന്നു. അതിരാവിലെ ആതിരയുടെ ഫോൺ ബെൽ കേട്ടാണ് അരുൺ ഉണർന്നത്. കണ്ണ് തുറന്നു വിഷുക്കണി അവൻ ഫോണിലൂടെ കണ്ടു. വിഷുദിനത്തിൽ പോലും ജോലിക്ക് പോകേണ്ടി വരുന്ന പ്രവാസിയുടെ ഗതികേടോർത്തു അവൻ വളരെ നിരാശനായി.

നാട്ടിൽ ഇൗ സമയം എല്ലാവരും തകൃതിയായി വിഷു ആഘോഷങ്ങളിൽ മുഴുകിയിരുന്നു. അമ്മയും മറ്റും വിഷു സദ്യ തയ്യാറാക്കിയ സമയത്ത്‌ ആതിര തൻ്റെ പ്രിയപ്പെട്ട ഓട്ടുരുളിയിൽ വെള്ളം ഒക്കെ നിറച്ച് പൂക്കള്‍ നിരത്തുകയായിരുന്നു. അല്പനേരത്തിന് ശേഷം കോളിംഗ് ബെൽ കേട്ട് അമ്മ പുറത്തേയ്ക്ക് പോയി. ഗ്ലൗസ്സും മാസ്‌ക്കും ധരിച്ച് ഏതോ അന്യഗ്രഹ ജീവികളെപ്പൊലെ രണ്ട് അപരിചിതരെ കണ്ട് അമ്മ ഞെട്ടി.

“ആരാ നിങ്ങളൊക്കെ”

“അമ്മേ ഞങ്ങൾ ഏസി ഇൻസ്റ്റാൾ ചെയ്യാൻ വന്നതാ, മിസ്റ്റർ അരുണിൻ്റെ വീടല്ലേ..?”

“അതേ… ആഹാ നിങ്ങൾ ഫുൾ പ്രോട്ടക്ഷണിലാണല്ലോ “

“ഇതില്ലാതെ പറ്റില്ലല്ലോ.. ഞങ്ങൾക്ക് സ്പെഷ്യൽ ഇൻസ്ട്രക്ഷൻ ഉണ്ട്.. ഇവിടെ ഒരു ഗർഭിണി ഉണ്ടെന്ന്. മിസ്റ്റർ അരുൺ ഞങ്ങളെ ഒരുപാട് തവണ കൊണ്ടാക്റ്റ് ചെയ്തിട്ടുണ്ട്. ലോക്ടൗണ് അയതുകൊണ്ടാണ് വൈകിയത് ഞങ്ങളോട് ക്ഷമിക്കണം. ഇതിപ്പോ ഒരു സ്പെഷ്യൽ പെർമിഷൻ എടുത്ത് വന്നതാണ്, ഏതാണ് മുറി. “

“ഒരു മിനുട്ട്, ഞാൻ മോളെ വിളിക്കാം”.

“അമ്മുവെ.. നമ്മുടെ ഏസിയുടെ ആൾക്കാർ വന്നിട്ടുണ്ട് “

” എനിക്ക് ഒരുപാട് സന്തോഷമായി അമ്മേ. ഇത് അരുണേട്ടൻ്റെ വിഷുക്കൈനീട്ടമാണ്. ഞാനരുണേട്ടനെ ഒന്ന് വിളിക്കട്ടെ.”

അവൾ തന്റെ ഫോണിൽ അരുണിനെ വീഡിയോക്കോൾ വിളിച്ചു.
“അരുണേട്ടാ വിഷു ആശംസകൾ. നിങ്ങളുടെ സമ്മാനം കിട്ടി കേട്ടൊ.”

“ഹാപ്പി വിഷു അമ്മുക്കുട്ടി. ഏതു സമ്മാനം.” അവൻ ആശ്ചര്യത്തോടെ ചോദിച്ചു.

“ഹ ഹ അരുണേട്ടാ നമ്മുടെ ഏസി ഫിറ്റ് ചെയ്യുന്നു. എനിക്ക് സന്തോഷമായി. അറിഞ്ഞൊ അറിയാതെയൊ അത് കറക്ടായിട്ട് വിഷുദിനത്തിൽ തന്നെ കിട്ടി. താങ്ക്യൂ അരുണേട്ടാ.”

“അടിപൊളി അമ്മൂസേ, എനിക്കും ഭയങ്കര സന്തോഷം തോന്നുന്നുണ്ട്. ഇനി നമ്മുടെ വാവയ്ക്ക് ചൂടിനെ പേടിക്കണ്ട. അച്ഛൻ എവിടെ?”

“അപ്പുറത്തുണ്ട്. അവിടെ ഏസിയുടെ ആൾക്കാർക്ക് സ്പെഷ്യൽ ഇൻസ്ട്രക്ഷൻസ് കൊടുത്തോണ്ടിരിക്കുവാ “

“ഹ ഹ പണ്ടത്തെ എക്സ് പ്രവാസിയല്ലെ എല്ലാ കാര്യങ്ങളും അച്ഛന് അറിയാം”

“അതെ.. അരുണേട്ടാ.”

എന്തായാലും ഇത്തവണ വേനൽ ചൂട് കടുത്തെങ്കിലും ഇനിയുള്ള ദിവസങ്ങൾ ആതിരയും കുഞ്ഞും അതിൽ നിന്നും മുക്തരാണെന്നുള്ള ആത്മസംതൃപ്തിയിൽ അരുൺ വളരെ സന്തോഷിച്ചു. എന്നിരുന്നാലും അവന്റെ മനസ്സിൽ കൊറോണയെക്കുറിച്ചുള്ള ഭീതി നിലനിന്നു പോന്നു. ഈ ആപത്ത്ക്കാലവും കടന്ന് പോകും എന്ന ശുഭ പ്രതീക്ഷയിൽ അവരിരുവരും ജീവിച്ചു.

2 thoughts on “വേനൽ ചൂടിലെ കൊറോണക്കഥ

Add yours

  1. Aruninum ammuvinam pirakanirikuna kunjinum pinne e corona kalathum full protectionlu ac install cheyanvana chettanmarkum nanma nerunu.
    Eniyum ethupolula manaoharamaya krithikal pratheekshikunu.
    Ashmasakal.

    Like

Leave a comment

Create a website or blog at WordPress.com

Up ↑

Design a site like this with WordPress.com
Get started