മേഘങ്ങളുടെ നാട്ടിലേയ്ക്ക്

ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം പോയ ഒരു യാത്രയായിരുന്നു മേഘാലയിലേയ്ക്ക്. ജോലി കിട്ടി ചെന്നൈയിൽ എത്തിയ നാൾ മുതൽ യാത്രകൾ പ്ലാൻ ചെയ്തു തുടങ്ങിയതാണ്. എല്ലാവരുടെയും സ്ഥിരം സ്ഥലമായ ഗോവ മുതൽ യൂറോപ്പ് യാത്ര വരെ കഴിഞ്ഞ 5 വർഷത്തെ ഞങ്ങളുടെ പ്ലാനിൽ വന്നു. എന്നാൽ അതെല്ലാം പ്ലാനിങ്ങിൽ മാത്രം ഒതുങ്ങിയെന്നു മാത്രം. ഒടുവിൽ കിട്ടിയവരെ ഒക്കെ വെച്ച് ഇക്കഴിഞ്ഞ മാർച്ച്‌ മാസം ആദ്യം മേഘാലയയ്ക്ക് പോകാൻ ഞങ്ങൾ തീരുമാനിച്ചു- മേഘങ്ങളുടെ ആലയമായ മേഘാലയ.

പ്ലാനിങ് ഒക്കെ വെടിപ്പായിട്ട് നടന്നു. പോകാനും വരാനുമുള്ള ടിക്കറ്റുകളും എടുത്തു. പക്ഷെ പാപി ചെല്ലുന്നിടം പാതാളം എന്നാണല്ലോ. പുതുതായി കൊണ്ട് വന്ന CAA വടക്കുകിഴക്കൻ മേഖലകളെ വളരെ മോശം രീതിയിലാണ് ബാധിച്ചത്. ഇടയ്ക്കിടെ ഉള്ള പ്രക്ഷോഭങ്ങളും അത് തടയാനായി പ്രഖ്യാപിക്കുന്ന കർഫ്യുകളും. ഇത്രേം പ്ലാൻ ചെയ്‌തതല്ലേ, പിന്നോട്ടില്ലാന്നു തന്നെ വെച്ചു.  അങ്ങനെ ധൈര്യം ഒക്കെ സംഭരിച്ചു ഇരിക്കുമ്പോഴാണ് കോറോണയുടെ വരവ്. ഇന്ത്യയിൽ അപ്പൊ 3-4 കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. വീണ്ടും ആകെയൊരു അങ്കലാപ്പ്. കോൺഫറൻസ് കോളുകൾ തകൃതിയായി നടന്നു. ഒടുവിൽ തീരുമാനം എടുത്തു. കൊറോണ പ്രതിരോധിക്കാൻ മാസ്കും സാനിറ്റൈസറും ഉപയോഗിക്കാം. എയർപോർട്ടിൽ അല്പം കൂടുതൽ കരുതലാകാം. CAA യുടെ പ്രശ്നം എന്തെങ്കിലും ഉണ്ടെങ്കിൽ മേഘാലയയ്ക്ക് പകരം വേറെ  അതിനടുത്തുള്ള സ്ഥലങ്ങളിൽ ഏതേലും പോകാം. അല്പം താഴേയ്ക്കു പോയ ആവേശം പതിന്മടങ്ങ് തിരിച്ചു വന്നു. അങ്ങനെ ആ വടക്കുകിഴക്കൻ സുന്ദരിയെ കാണാൻ കൊച്ചിയിൽ നിന്നും ഞങ്ങൾ യാത്ര തുടങ്ങി.

വൈകിട്ട് ഗുവാഹത്തിയിൽ എത്തിയ ഞങ്ങൾ അവിടെ നിന്നും വാടകയ്ക്ക് ഒരു വണ്ടിയെടുത്ത് ഷില്ലോങ്ങിലേയ്ക്ക് തിരിച്ചു. രാത്രി ഷില്ലോങ്ങിൽ എത്തിയ ഞങ്ങൾ അന്നത്തെ രാത്രി അവിടെ തങ്ങി. ഷില്ലോങ് വളരെ മനോഹരമായ ഒരു പട്ടണമാണ്. സ്കോട്ലൻഡിനോട് സമാനമായ ഭൂപ്രകൃതി ആയത് കൊണ്ട് തന്നെ പണ്ട് ബ്രിട്ടീഷുകാർ `കിഴക്കിന്റെ സ്കോട്ലൻഡ് ´ എന്നാണ്  ഷില്ലോങ്ങിനെ വിശേഷിപ്പിച്ചിരുന്നത്. യാത്രയുടെ ക്ഷീണം ഉള്ളത്കൊണ്ട് ഷില്ലോങ് ചുറ്റിക്കറങ്ങാൻ ഉള്ള തീരുമാനം ഞങ്ങൾ മാറ്റി. തിരിച്ചുപോകുന്ന വഴിക്ക് കാണാമെന്നായിരുന്നു ഞങ്ങളുടെ തീരുമാനം. ഇതിലും പതിന്മടങ്ങ് സുന്ദരമായ ചിറാപുഞ്ചി കാണാൻ ഉള്ള വ്യഗ്രതയിലായിരുന്നു ഞങ്ങൾ എല്ലാവരും.

പിറ്റേന്ന് രാവിലെ തന്നെ അവിടുന്ന് തിരിച്ചു ചിറാപുഞ്ചിക്ക്. പോകുന്ന വഴിക്കുള്ള ഒന്ന് രണ്ടു പ്രധാനപ്പെട്ട സ്ഥലങ്ങൾ കൂടി കണ്ട് അന്നേദിവസം രാത്രി ചിറാപുഞ്ചിയിൽ എത്താനായിരുന്നു ഞങ്ങളുടെ പ്ലാൻ. ആദ്യത്തെ ലക്ഷ്യസ്ഥാനം ലൈറ്റ്ലം മലയിടുക്കുകൾ ആണ്. ഷിലോങ്ങ് പട്ടണം കഴിഞ്ഞാൽ പിന്നെ മൊത്തം ഒരു ഗ്രാമാന്തരീക്ഷം ആണ്. ഇടയ്ക്ക് വല്ലപ്പോഴും ചെറിയ കവലകൾ ഉണ്ട്. പോകുന്ന വഴിക്ക് പ്രഭാതഭക്ഷണത്തിനായി ഞങ്ങൾ അങ്ങനെ കണ്ട ഒരു കവലയിലെ ഒരു കുഞ്ഞു കടയിൽ കയറി. ചോറാണ് അവരുടെ പ്രാതൽ എന്ന് അപ്പോഴാണ് ഞങ്ങൾക്ക് മനസിലായത്. ചിലപ്പോൾ ഗ്രാമങ്ങളിലെ പതിവ് ഇതായിരിക്കാം. നമ്മുടെ നാട്ടിലെ ചോറല്ല. മസാലയൊക്കെ ഇട്ട വലുപ്പം കുറഞ്ഞ ചോറാണ്-ജദോ(Jadoh) . അതിനോടൊപ്പം പോർക്ക്‌, ബീഫ്, ചിക്കൻ, മീൻ, ബാംബൂ തുടങ്ങിയതെല്ലാം ഉണ്ട്. എല്ലാം പരീക്ഷിച്ചു നോക്കാൻ ഞങ്ങൾ തീരുമാനിച്ചു. അതിൽ ഏറ്റവും ഇഷ്ടപെട്ടത് പോർക്ക്‌ വിഭവമായ ദോ-ക്ലെഹ് (doh-khlieh) ആയിരുന്നു. വളരെ ലളിതമായ വിഭവമാണ്. വേവിച്ച പോർക്ക് ചെറുതായി അരിഞ്ഞതിൽ  സവാളയും മുളകും ചേർത്ത് ഉണ്ടാകുന്ന ഒരു സാലഡ് ആണത്. പക്ഷെ അപാര രുചിയാണ്. എല്ലാ വിഭവങ്ങളും ഒരു പ്രത്യേക രീതിയിൽ ആയിരുന്നു തയ്യാറാക്കിയിരുന്നത്. ഉണക്കിയ ബീഫ് കൊണ്ടാണ് അവർ ബീഫ് കറി ഉണ്ടാക്കിയിരുന്നത്. എന്തായാലും അതിവിഭുലമായ പ്രാതലും കഴിച്ച് ഞങ്ങൾ യാത്ര തുടർന്നു.

ഗൂഗിളിന്റെ സഹായത്തോടെയാണ് പോകുന്നതെങ്കിലും ചില സമയങ്ങളിൽ നാട്ടുകാരുടെ സഹായവും ഞങ്ങൾക്ക് വേണ്ടിയിരുന്നു. ഭാഷയുടെ പ്രശ്നം അവിടെ ഞങ്ങളെ ചെറുതായൊന്നു കുഴക്കി. മേഘാലയയിലെ സംസാരഭാഷ ഘാസി ആണ്. ഭൂരിഭാഗം ആളുകൾക്കും ഘാസി ഭാഷ മാത്രമേ വശമുണ്ടായിരുന്നുള്ളു. എന്നിരുന്നാലും കുറച്ചു പേർക്ക് ഇംഗ്ലീഷിലെ ചില വാക്കുകൾ ഒക്കെ മനസിലാകുമായിരുന്നു. എന്തായാലും ഗൂഗിളിന്റെയും നാട്ടുകാരുടെയും സഹായം വെച്ച് ഞങ്ങൾ ലൈറ്റ്ലം മലയിടുക്കുകളിൽ(Laitlum Grand Canyon) എത്തി. ലൈറ്റ്ലം എന്നാൽ അവരുടെ ഭാഷയിൽ കുന്നുകളുടെ അവസാനം എന്നാണ്. ആ പേരിനോട് നൂറുശതമാനം നീതി പുലർത്തുന്നുണ്ട് ആ സ്ഥലം. അതിമനോഹരമായ കാഴ്ചയാണ് നമുക്കായി അവിടെ ഒരുക്കിവെച്ചിരിക്കുന്നത്. ചുറ്റിനുമുള്ള കുന്നുകളും താഴ്‌വാരങ്ങളും ആ താഴ്‌വാരത്തിലൂടെ ഒഴുക്കുന്ന ഒരു നദിയും എല്ലാം ആ സ്ഥലത്തിന്റെ ഭംഗി പതിന്മടങ്ങ് കൂട്ടുന്നു. നേരിയ കോടമഞ്ഞും തണുത്ത കാറ്റും നമ്മുടെ കണ്ണിനെയും മനസ്സിനെയും കുളിരണിയിക്കും എന്നതിൽ സംശയമില്ല. എത്രനേരം ആ മലയിടുക്കുകളിലേയ്ക്ക് നോക്കിയിരുന്നാലും നമ്മുക്ക് മതിയാവില്ല. അത്രയേറെ മനോഹരമാണത്. ആ തണുത്ത കാറ്റും കൊണ്ട് ഞങ്ങൾ കുറേനേരം അവിടെയിരുന്നു ആ ദൃശ്യഭംഗി ആവോളം ആസ്വദിച്ചു. പോകാൻ മനസ്സനുവദിച്ചില്ലെങ്കിലും സമയത്തിന്റെ ദൗർലഭ്യം കാരണം ഞങ്ങൾ അവിടുന്നു തിരിച്ചു.

അവിടുന്നു നേരെ എലെഫന്റ്റ് ഫാൽസിലേയ്ക് (Elephant Falls). മനോഹരമായ വെള്ളച്ചാട്ടമാണ്. അവരുടെ ഭാഷയിൽ അതിനു വേറെന്തോ പേരാണ്. ആ പേര് പഠിക്കാൻ പറ്റിയില്ലെങ്കിലും അതിന്റെ അർത്ഥം മൂന്ന് പടികളായുള്ള വെള്ളച്ചാട്ടം എന്നാണെന്നു അറിഞ്ഞു. അവിടുത്തെ സ്ഥലങ്ങളുടെ പേരുകൾ മിക്കതും നമുക്ക് അത്ര പെട്ടെന്നു പഠിച്ചെടുക്കാൻ പറ്റുന്നതല്ല. ഇതിനു ഈ പുതിയ പേരിട്ടത് ബ്രിട്ടീഷുകാർ ആണെന്ന് അവിടുത്തെ ഒരു ബോർഡിൽ നിന്നും ഞങ്ങൾക്ക് മനസ്സിലായി. ആ വെള്ളച്ചാട്ടത്തിനടുത്ത് ആനയുടേതിന് സാദൃശ്യമുള്ള ഒരു വലിയ പാറ ഉണ്ടായിരുന്നു. അതു കണ്ടിട്ടാണ് ഇതിനെ അവർ എലെഫന്റ്റ് ഫാൾസ് എന്നു വിളിച്ചത്. പക്ഷെ ആ പാറ പിന്നീട് ഉണ്ടായ ഒരു ഭൂമികുലുക്കത്തിൽ നശിച്ചുപോയി. മൺസൂൺ തുടങ്ങാത്തത് കൊണ്ട് തന്നെ അധികം വെള്ളം ഇല്ലായിരുന്നു. നമ്മുടെ നാട്ടിലെ അനേകം വെള്ളച്ചാട്ടങ്ങൾ കണ്ടത് കൊണ്ടാകും, എനിക്ക് അത്രയധികം ആകർഷകമായി തോന്നിയില്ല. വെള്ളം കുറവായിരുന്നെന്നതും വലിയൊരു ഘടകം ആയിരുന്നു. വെള്ളം കുറവായിരുന്നെങ്കിലും ആർക്കും വെള്ളത്തിലേയ്ക്ക് ഇറങ്ങാനോ നീന്താനോ അനുവാദം ഉണ്ടായിരുന്നില്ല. ഒരു കാര്യം എടുത്തു പറയേണ്ടത് അവിടുത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ വൃത്തിയാണ്. വളരെ വൃത്തിയായിട്ടാണ് അവർ എല്ലാ സ്ഥലങ്ങളും പരിപാലിക്കുന്നത്. പ്ലാസ്റ്റിക് ചവറുകളുടെ കാര്യത്തിൽ അവർ കൂടുതൽ കരുതലാണ് എടുക്കുന്നത്. എത്ര മനോഹരമായി ഇതുപോലെയുള്ള സ്ഥലങ്ങൾ പരിപാലിക്കാമെന്നു നമ്മൾ അവരെ കണ്ട് പഠിക്കേണ്ടിയിരിക്കുന്നു.

അവിടെ നിന്നും ഞങ്ങൾ നേരെ ചിറാപുഞ്ചിയിലേയ്ക്ക് തിരിച്ചു. റോഡിനിരുവശത്തും മനോഹരമായ കാഴ്ചകളാണ്. പെട്ടെന്നു കൂട്ടുകാരൻ വണ്ടി നിറുത്തി. അവിടെ അവൻ ഒരു സിപ്‌ലൈനിങ്ങിന്റെ ബോർഡ്‌ കണ്ടിട്ട് നിറുത്തിയതാണ്. സമയം 5 മണി ആയി. നേരം ഇരുട്ടി തുടങ്ങി. കിഴക്കുമാറി ആയതുകൊണ്ട് അവിടെ സൂര്യോദയവും അസ്തമനവും നേരത്തെയാണ്. ഇന്നിനി സിപ് ലൈൻ ചെയ്യാൻ പറ്റുമോയെന്നു ഞങ്ങൾക്ക് സംശയം ആയിരുന്നു. എന്തായാലും ഞങ്ങൾ ഇറങ്ങി ചോദിച്ചു. അവർ അടച്ചിട്ടില്ല. കോടമഞ്ഞ്‌ ഇറങ്ങാൻ തുടങ്ങിയിട്ടുണ്ട്. 3 പടികളായിട്ടാണ് സിപ് ലൈൻ ചെയേണ്ടത്. ഓരോന്നും എവിടുന്നു എങ്ങോട്ടാണെന്നു അവർ ചൂണ്ടികാണിച്ചു തരുന്നുണ്ട്. പക്ഷെ കോട കാരണം ഞങ്ങൾക്ക് യാതൊന്നും തന്നെ കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. പക്ഷെ ആ കോട സിപ് ലൈനിങ്ങിന്റെ ആവേശം ഇരട്ടിയാക്കി. ആ കോടയിലേയ്ക് അവർ നമ്മളെ ഇറക്കി വിടുമ്പോൾ മുന്നിൽ എന്താണെന്നു പോലും അറിയാനുണ്ടായിരുന്നില്ല. അത് ജനിപ്പിച്ച ഒരു ചെറിയ പേടിയും ആദ്യമായി സിപ് ലൈനിങ് ചെയുന്നതിന്റെ ആവേശവും എല്ലാം കൂടി ഒരു പ്രത്യേക അനുഭവം ആയിരുന്നു. ഇത് കണ്ടുപിടിച്ചു വണ്ടി നിറുത്തിയ ആ കൂട്ടുകാരനു പ്രത്യേക നന്ദി പറഞ്ഞു കൊണ്ട് ഞങ്ങൾ ചിറാപുഞ്ചി ലക്ഷ്യമാക്കി തിരിച്ചു.

ചിറാപുഞ്ചിയിലെ കാഴ്ചകളെ പറ്റി അടുത്ത തവണയാകാം. എല്ലാം കൂടി ഒരുമിച്ച് പറഞ്ഞു നിങ്ങളെ ഞാൻ ബോറടിപ്പിക്കുന്നില്ല.

7 thoughts on “മേഘങ്ങളുടെ നാട്ടിലേയ്ക്ക്

Add yours

Leave a comment

Create a website or blog at WordPress.com

Up ↑

Design a site like this with WordPress.com
Get started