ലോക്ക് ഡൗൺ

വീട്ടിലേക്ക് വേണ്ട സാധനങ്ങളുമായി എമി വീട്ടിലേത്തി.
ഫോൺ മേശപ്പുറത്ത് വെച്ച ശേഷം നേരെ അപ്പച്ചന്റെ മുറിയിലേക്ക് നടന്നു.അപ്പച്ചൻ മാസങ്ങളായി കിടപ്പിലാണ്.കൊറോണ കാരണം  പ്ലസ് ടു സ്കൂൾ അടച്ചതിനാൽ
എമിലിയാണ് കൂടുതലും അപ്പച്ചനെ ശുശ്രൂഷിക്കുന്നത്.

“മരുന്നു കഴിച്ചോ

എമിയുടെ ചോദ്യം

കഴിച്ചു എന്നർത്ഥത്തിൽ തലയാട്ടി.

“അമ്മ വന്നില്ലേ?”

ഇല്ല എന്നർത്ഥത്തിൽ തലയാട്ടി

“എങ്ങോട്ട് പോയാലും അമ്മയ്ക്ക് ഫോണെടുത്തുകൂടെ”

അവൾ തിരിച്ചു ഡൈനിങ്ങ് ടേബിളിൽ പോയി.അവിടെ മറ്റൊരു ഫോൺ കിടക്കുന്നത്‌കണ്ടപ്പോൾ പിറുപിറുത്തുകൊണ്ട് പറഞ്ഞു.

ഈ സമയങ്ങളിൽ മിക്കവാറും  അയൽവീട്ടിലെ രുഗ്മിണി ചേച്ചിയുടെ അടുത്തായിരിക്കും അമ്മ.ലോക്ഡൗൻ അല്ലേ. ബോറടി മാറ്റാൻ വേറെ വഴിയൊന്നുമില്ലല്ലോ.
എമി ഫോണിൽ രുഗ്മിണി ചേച്ചിയെ വിളിച്ചു.

“അമ്മയുണ്ടോ അവിടെ?”

“ആഹ്..നീയെത്തിയോ..അമ്മയിപ്പം ഇറങ്ങും ട്ടോ”

“ഹം.. ശരി..അതറിയാനായിരുന്നു”

എമി ഫോൺ വെച്ചു.എന്നിട്ട് ജാറിലെ വെള്ളമെടുത്തു കുടിച്ചു.

അൽപ്പം കഴിഞ്ഞു തന്റെ പിറകിൽ ആരോ നിൽക്കുന്ന പോലെ അവൾക്ക് തോന്നി.തിരിഞ്ഞു നോക്കിയപ്പോൾ കത്തിയുമായി മുഖംമൂടി ധരിച്ച ഒരാൾ അടുക്കള വാതിൽക്കൽ നിൽക്കുന്നു.

അയാൾ എമിയുടെ അടുത്തേക്ക് പാഞ്ഞടുത്തു.എമി പേടിച്ചോടി അപ്പച്ചന്റെ മുറിയിൽ കയറി വാതിലടച്ചു.അയാൾ തൊട്ടു പിറകെ എത്തിയെങ്കിലും വാതിലടച്ചത് കൊണ്ട് അകത്തേക്ക് കയറാൻ സാധിച്ചില്ല.

“വാതിൽ തുറക്ക്”

മുഖംമൂടികാരന്റെ ഭീഷണി

“നിങ്ങളാരാ…എന്താ വേണ്ടേ?”

ഭയത്തോടെ എമി ചോദിച്ചു

“അതൊന്നും നീയറിയേണ്ട ആവശ്യമില്ല.വാതിൽ തുറക്കുന്നോ അതോ തല്ലിപ്പൊളിക്കണോ?”

ഭയം കാരണം എമി ഒന്നും മിണ്ടിയില്ല
അയാൾ വീണ്ടും ശക്തിയായി കതകിൽ മുട്ടി.അവൾ വാതിലിനോട് ശക്തിയായി ചേർന്ന് നിന്നു.അൽപ്പം സമയം കഴിഞ്ഞു അകന്നു പോകുന്ന അയാളുടെ കാൽപെരുമാറ്റം കേട്ടു.

വാതിൽ വെട്ടിപ്പൊളിക്കാനുള്ള സാധനസാമഗ്രികൾ കിട്ടുമോ എന്നറിയാനായിരിക്കും പുള്ളി നോക്കുന്നത്‌.

എമി ഊഹിച്ചു

കാൽപെരുമാറ്റം മനസിലാക്കി എമി പതുക്കെ വാതിൽ തുറന്നു പുറത്തിറങ്ങി. അത് അവൻ അകലെ നിന്ന് കണ്ടു.വീണ്ടും അവളുടെ അടുത്തേക്ക് പാഞ്ഞടുത്തു.എമി ഓടി ടേബിളിൽ ഇരുന്ന ഫോൺ എടുത്തു തിരിച്ചു മുറിയിലേക്ക് ഓടി വാതിൽ അടച്ചു കുറ്റിയിട്ടു.ഇത്തവണയും അവന്റെ ശ്രമം വിഫലമായി.

“നീ മിടുക്കിയണല്ലോ.ഒരു കാര്യം പറഞ്ഞേക്കാം പോലീസിനെ വിളിച്ചാൽ ആദ്യം കൊല്ലുന്നത് നിന്റെ തള്ളയെ ആയിരിക്കും.അവളിപ്പോ എത്താറായന്ന് അറിയാം.ഒരു തെളിവും ഇല്ലാതെ എല്ലാത്തിനെയും തീർക്കാൻ എനിക്കറിയാം”

അത് കേട്ട് എന്ത് ചെയ്യണം എന്നറിയാതെ എമി പകച്ചു നിന്നു.ധൈര്യം സംഭരിച്ച്
അവൾ ചോദിച്ചു

“തനിക്കെന്താ വേണ്ടത്?”

“എല്ലാം”

“എല്ലാം ന്ന് വെച്ചാൽ?”

“കിടന്നു ചെലക്കാൻ സമയമില്ല, ഇത് തുറക്കുന്നുണ്ടോ”

എമിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.വിറച്ച കൈ കൊണ്ട് ആദ്യം സുഹൃത്തുക്കൾക്ക് മെസേജ് അയച്ചു.അൽപ്പ സമയം കഴിഞ്ഞു സുഹൃത്തുക്കളുടെ റിപ്ലേ വന്നു.അത് കണ്ടപ്പോൾ തകർന്നു പോയി.ഇന്ന് ഏപ്രിൽ ഒന്ന് ആയിരുന്നു.എമി അവരെ ഏപ്രിൽ ഫൂൾ ആക്കുകയാണെന്നു തെറ്റിദ്ധരിച്ചിരിക്കുന്നു.

കിടപ്പിലായ അപ്പച്ചനെ നോക്കി.അയാൾ നിസ്സഹായനാണ്.

പോലീസിനെ വിളിക്കാൻ പറ്റുന്നില്ല.വിളിച്ചാലും അവർ എത്തും മുൻപ് അമ്മ ഇവിടെ എത്തും.രുഗ്മിണി ചേച്ചിയുടെ വീട്ടിലേക്ക് നടക്കാനുള്ള ദൂരമേയുള്ളൂ.റോഡിൽ പോലീസ് ചെക്കിങ് ഉളളത് കൊണ്ട് കുറുക്കു വഴിയിലൂടെയാണ് നടക്കുന്നത്.
സുഹൃത്തുക്കളെയും ബന്ധുക്കളെയും കിട്ടിയാലും അവർ എത്തും മുൻപ് വാതിൽ പൊളിച്ചിരിക്കും.എനിക്കാണെങ്കിൽ
പ്രായമായ അപ്പച്ചനെ വെച്ചു 
ചെറുത്തു നിൽക്കാൻ പോലും പറ്റില്ല.
എല്ലാ വഴിയും അടഞ്ഞു എന്ന് മനസിലായ എമി നിരാശയായി.

അത് കണ്ട അപ്പച്ചൻ എമിയെ വിളിച്ചു.

“എമീ”

എമി അയാളുടെ അടുത്തേക്ക് ചെന്നു.

അപ്പച്ചൻ:“അടുത്തു വാ”

എമി തന്റെ ചെവി അപ്പച്ചന്റെ അടുത്തേക്ക് അടുപ്പിച്ചു.
അവളുടെ ചെവിയിൽ എന്തോ മന്ത്രിച്ചു.

അതേ സമയം മുഖമൂടികാരൻ കാൽപെരുമാറ്റം ഉണ്ടാക്കാതെ പതുക്കെ പുറത്തിറങ്ങി കയ്യിൽ കിട്ടിയ കോടലിയുമായി തിരികെ എത്തിയിരുന്നു.വാതിൽക്കൽ എത്തിയ ശേഷം വിളിച്ചു പറഞ്ഞു

“അവസാനമായി ചോദിക്കുവാ. ഇത് തുറക്കുന്നുണ്ടോ അതോ തല്ലി പൊളിക്കണോ?”

എമി വാതിൽക്കൽ ചെന്നിട്ട് പറഞ്ഞു

“വാതിൽ തുറക്കാം.പക്ഷേ എനിക്ക് ഒരു കണ്ടീഷൻ ഉണ്ട്”

“എന്ത് കണ്ടീഷൻ?”

“നിന്റെ മുഖമൊന്നു എനിക്ക് കാണണം”

“ഓഹ്..ആയിക്കോട്ടെ”

അയാൾ മുഖംമൂടി അഴിച്ചു മാറ്റിയിട്ട് പറഞ്ഞു

“മുഖമൂടി മാറ്റി.ഇനി ഡോർ തുറക്ക്”

താക്കോൽ പഴുതിലൂടെ അയാൾ മുഖംമൂടി മാറ്റിയെന്ന് എമിക്ക് ബോധ്യമായി.എങ്കിലും അവൾക്ക് ആളെ മനസിലായില്ല.ഒരു പക്ഷെ അമ്മയ്ക്ക് അറിയാമായിരിക്കും.ഫോറൻസിക് വിഭാഗത്തിൽ ജോലി ചെയ്യുന്ന  അമ്മയോട് തെളിവുകൾ മൂടി വെയ്ക്കാൻ സമ്മർദ്ദം ചെലുത്തിയ ഒരുപാട് പേരുണ്ട്.കള്ളൻ ആണെങ്കിൽ വേണ്ടതെല്ലാം എടുത്തോണ്ട് പോകാമായിരുന്നു.അതൊന്നും ചെയ്തില്ല.ഒരുപക്ഷേ ‘അമ്മ വരുന്നതും കാത്തു നില്ക്കുവായിരിക്കും. അതുകൊണ്ടായിരിക്കും അമ്മയുടെ മുൻപിൽ അയാളുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ ആഗ്രഹിക്കാത്തത്.
പക്ഷേ എന്റെ മുൻപിൽ കാണിക്കാൻ അയാൾ തയ്യാറായല്ലോ.ആദ്യം ഞങ്ങളെ രണ്ടുപേരെയും തീർത്തിട്ട് അമ്മയെ വക വരുത്താനായിരിക്കും പ്ലാൻ. അതാണെങ്കിൽ കാര്യമായ ചെറുത്തു നിൽപ് വരില്ല.
അതുകൊണ്ടായിരിക്കും ഞാൻ മുന്നോട്ടു വച്ച ഉപാധി പെട്ടെന്ന് അയാൾ അംഗീകരിച്ചത്.എന്തായാലും ധൈര്യം സംഭരിച്ച് ചെയ്യുക തന്നെ.

എമി ഡോർ ലോക്ക് തുറന്ന ശേഷം പിറകോട്ട് മാറി.

അയാൾ ഡോർ ലോക് തുറക്കുന്ന ശബ്ദം കേട്ടതോടെ പതുക്കെ വാതിൽ തുറന്നു.അതാ മുൻപിൽ എമി നിൽക്കുന്നു.അടുത്ത് കിടപ്പിലായ അപ്പച്ചനും

അയാൾ എമിയുടെ നേരെ നോക്കി.അവൾ കയ്യിലിരുന്ന ഫോൺ ഉയർത്തി.മൊബൈൽ ക്യാമറ അവനു അഭിമുഖമായി വരത്തക്ക വിധത്തിൽ

“വീഡിയോ എടുക്കുവാനല്ലേ,അതിന് നീ ജീവനോടെ ഉണ്ടായിട്ട് വേണ്ടേ ഇത് പുറത്ത് വരാൻ”

അയാൾ പുച്ഛിച്ചു, അയാളുടെ ചിരിയിൽ ഒട്ടും പതറാതെ എമിയുടെ മറുപടി വന്നു.

“ഇത് ലൈവാണ്!!!”

അവളുടെ ആ മറുപടിയിൽ അയാൾ ഒന്ന് പതറി.എന്റെ മുഖം ലോകം മുഴുവൻ ലൈവായി കാണുന്നുണ്ട്.എന്തെങ്കിലും ചെയ്താൽ വലിയ വില കൊടുക്കേണ്ടി വരും.

അയാളുടെ കയ്യിൽ നിന്ന് കോടാലി താഴെ വീണു. എന്നിട്ട് പതുക്കെ പിറകോട്ട് പിൻവാങ്ങി.

തെളിവ് നശിപ്പിക്കാനുള്ള എല്ലാ സർവ സന്നാഹമായി വന്നിട്ടും പെട്ടന്നുള്ള കാര്യസാധ്യത്തിനായി
മുഖംമൂടി മാറ്റിയത് വലിയ മണ്ടത്തരമായെന്ന് ബോധ്യമായി.ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല.

അയാൾ ഓടിമറഞ്ഞു.

ഏതു പ്രതിസന്ധി വന്നാലും ധൈര്യം സംഭരിക്കുകയാണ് ഏറ്റവും വലിയ ആയുധം.അപ്പച്ചൻ എമിയുടെ കാതിലിൽ ആദ്യം മന്ത്രിച്ച വാചകവും അതായിരുന്നു

“ധൈര്യമാണ് ആദ്യം വേണ്ടത്…..”

7 thoughts on “ലോക്ക് ഡൗൺ

Add yours

Leave a comment

Create a website or blog at WordPress.com

Up ↑

Design a site like this with WordPress.com
Get started