അതികഠിനമായ പോരാട്ടത്തിനു ഒരു ഇടവേള നല്കി രാവിലെ തന്നെ രമേശന്റെ വിളി എത്തി. പക്ഷേ സംസാരത്തിനിടയിൽ എന്റെ ധൃതി മനസ്സിലാക്കിയ രമേശൻ വലിയ അത്യാവശ്യം ഒന്നുമില്ല വൈകിട്ട് വിളിക്കാം എന്ന് പറഞ്ഞു സംസാരം അവസാനിപ്പിച്ചു. തിരിച്ചെത്തിയ ഞാൻ ആട്ടമാവുമായി ഒരു രമ്യതയിൽ എത്തിയ ശേഷം വേഗം ഓഫീസിലേക്ക് ഇറങ്ങാൻ തയ്യാറെടുത്തു.
ഉച്ച ഊണിനു ശേഷം നല്ല തിരക്കിനിടയിൽ വീണ്ടും രമേശന്റെ വിളി എത്തി. ലോക്ക് ഡൗൺ ആയതുകൊണ്ട് റോഡിലൂടെ പോകുന്ന ആളുകളുടെയും വണ്ടികളുടെയും കണക്കെടുക്കുന്നത് നിർത്തി വെച്ചു രമേശനുമായി സംഭാഷണത്തിലേർപ്പെട്ടു. പറയാൻ പോകുന്ന വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്താവാം ഞാൻ ഫ്രീ ആകുമ്പോൾ വിളിച്ചോളാം എന്ന് പറഞ്ഞു രമേശൻ ഫോൺ കട്ട് ചെയ്തു. ലോക്ക് ഡൗൺ തുടങ്ങിയ ശേഷം എത്തുന്ന കസ്റ്റമേഴ്സിന്റെ എണ്ണം രണ്ടക്കത്തിൽ കാണുവാനുള്ള മോഹം അതിമോഹം ആയിത്തന്നെ അവശേഷിച്ചു കൊണ്ട് ഞാൻ റൂമിലേക്ക് തിരിച്ചു.
സമയം പാഴാക്കാതെ വേഗത്തിൽ റൂമിലെത്തി തല തോർത്തിയ ശേഷം രമേശനെ വിളിച്ചപ്പോഴാണ് എനിക്ക് ആ കാര്യം പിടികിട്ടിയത്. ഈ പൊരി വെയിലത്തും മഴ പെയ്തതിന്റെ കാരണം മറ്റൊന്നുമല്ല, രമേശനും ദിനേശനും കൂടി ഒരു ബ്ലോഗ് തുടങ്ങുവാനുള്ള ചർച്ചയിലാണത്രേ. ചിലപ്പോഴെങ്കിലും പാവം കുറുക്കനെ നമ്മൾ അറിയാതെ തെറ്റിദ്ധരിച്ചു പോകും.
വടക്കേ അമേരിക്കയിൽ വേരുകൾ ഉള്ള, മലയാളം കുറച്ചു കുറച്ചു മാത്രം അറിയാവുന്ന രമേശൻ, SSLC റിസൾട്ട് വന്നപ്പോൾ മലയാളത്തിന് A ഗ്രേഡ് കിട്ടിയതറിഞ്ഞു ടീച്ചറെ കണ്ടു മാർക്ക് ലിസ്റ്റ് മാറിപ്പോയെന്നു പരാതി പറഞ്ഞ അതേ രമേശൻ, കുറച്ചു കാലങ്ങൾക്കിപ്പുറം മലയാള ഭാഷാസാഗരത്തിൽ തോണി ഇറക്കാൻ തയ്യാറെടുക്കുന്നു എന്നു കേട്ടപ്പോൾ അറിയാതെ സ്‌തബ്‌ധിച്ചു നിന്ന് പോയി.
കഥ ഇവിടെ തീരുന്നില്ല. “എടാ, നിനക്കറിയാല്ലോ, എനിക്ക് അങ്ങനെ എഴുതുവാൻ ഒന്നും വലിയ പിടിയില്ല, അതുകൊണ്ട് ഒരു 5-6 പേരെങ്കിലും വേണം. എങ്കിലേ ഈ ബ്ലോഗിൽ വല്ലപ്പോഴും ഒരു ആളനക്കം ഒക്കെ കാണുകയുള്ളു”, രമേശൻ തന്റെ കണക്കുകൂട്ടലുകൾ പറഞ്ഞുതുടങ്ങി. “ശരിയാണ്…ക്വയറ്റ് നാച്ചുറൽ”, ഞാൻ മനസ്സിൽ ഓർത്തു. ഒരു പക്ഷേ രമേശന്റെ ആ വിനയം ആയിരിക്കും എന്നെ കൂടുതൽ ആശ്ചര്യപ്പെടുത്തിയത്.
“എടാ, ഞാൻ ആലോചിച്ചിട്ട് ഇതു ബെസ്റ്റ് ടൈമാ. എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുവല്ലേ, അങ്ങനെയാവുമ്പോൾ സമയം ഒക്കെ കാണും. തിരക്കാണെങ്കിലും ദിനേശൻ ഒരു കൈ നോക്കാമെന്നേറ്റിരിക്കുവാണ്. പിന്നെ നീ കാണുമല്ലോ? എന്നിട്ട് നീ വൈഫിനോട് കൂടി പറയു എന്തെങ്കിലും ഒക്കെ ഒന്ന് എഴുതുവാൻ “.
“ങാഹ്, ബെസ്റ്റ്… അടിപൊളി, വാ രമേശാ പോകാം. ക്വാറന്റൈൻ നമുക്ക് ഹോസ്പിറ്റലിൽ തന്നെ ആക്കാം. അപ്പോ ഇതിനുള്ള ചികിത്സകൂടി അവിടെ കിട്ടുമല്ലോ “.
“എടാ, ഞാൻ സീരിയസ് ആണ്. നിനക്ക് എഴുതുവാൻ കഴിയില്ലെങ്കിൽ വേണ്ട, കുറച്ചു ആൾക്കാരെ സംഘടിപ്പിക്കാൻ ഒന്ന് സഹായിച്ചേ പറ്റു”.
ചെക്കൻ സീരിയസ് ആണെന്നു തോന്നുന്നു. എങ്കിൽ പിന്നെ ഒരു കൈ നോക്കിക്കളയാം. മനസ്സിലേക്ക് ഓടി എത്തിയത് എഴുത്തു കലയിൽ തങ്ങളുടെതായ ഇരിപ്പിടം ഉറപ്പിച്ച തോമസ് ഡേവിസ് നാലുപറയും, അഖിലാ സി നായരുമാണ്. അടുത്ത സുഹൃത്തുക്കൾ ആണെങ്കിലും നല്ല രീതിയിൽ കഥകളും കുറിപ്പുകളുമൊക്കെ എഴുതുന്ന ഇവരോട് കാര്യം അവതരിപ്പിക്കുക എന്നത് അവരെ കളിയാക്കുന്നതിനോട് തുല്യമാകുമെന്നു തോന്നിപ്പോയി.
ബാക്കി സഹയാത്രികരെ തേടിയുള്ള ഞങ്ങളുടെ ആലോചനകൾ എത്തിച്ചേർന്നത് കോളേജ് ജീവിതത്തിന്റെ സുവർണ്ണകാല സ്മരണകളിലേക്കാണ്. കുറച്ചു നിമിഷങ്ങളിലൂടെ ഞങ്ങൾ ചിന്തേരിട്ടത് ആ നാല് വർഷത്തെ മധുരിക്കുന്ന ഓർമ്മകൾക്കാണ്. കോളേജും ഹോസ്റ്റലും കോളേജ് ഗ്രൗണ്ടും ഊട്ടുപുരയും ടെക്ക് ഫെസ്റ്റും ആർട്സ് ഫെസ്റ്റും പരീക്ഷകളും പ്രൊജക്റ്റ് പരീക്ഷണങ്ങളും യാത്രകളും സിനിമ കൊട്ടകകളും എല്ലാമായി മനസ്സ് പാറി നടന്നു. സുഹൃത്തുക്കളും തമാശയും കളിചിരിയും വഴക്കും അടിപിടിയും അങ്ങനെ അങ്ങനെ എണ്ണിയാൽ ഒതുങ്ങാത്ത വിശേഷങ്ങളുടെ ഓർമ്മപുതുക്കലായി ആ സംഭാഷണം. പിന്നീട് കോളേജ് കാലഘട്ടത്തിനു ശേഷം ഉള്ള ഒത്തുചേരലുകൾ, അവയ്ക്കു വേദിയൊരുക്കുന്ന സുഹൃത്തുക്കളുടെ വിവാഹചടങ്ങുകൾ, ഒന്നിച്ചുള്ള യാത്രകൾ അങ്ങനെ മനസ്സിനെ കുളിരണിയിപ്പിക്കുന്ന ഒരുപാട് മുഹൂർത്തങ്ങൾ മനസ്സിലൂടെ ഓടി മറഞ്ഞു.
ഇടയ്ക്കെപ്പോഴോ വർത്തമാനകാലത്തിൽ തിരിച്ചെത്തിയ ഞങ്ങൾ തിരിച്ചറിഞ്ഞു, നമ്മൾ തമാശയായി പറഞ്ഞു ആരംഭിക്കുന്ന ചില കാര്യങ്ങൾ, അവ നമുക്ക് നല്കുന്ന പുതിയ ദിശാബോധം, ചിലപ്പോൾ സ്ഥായിയായ പ്രശ്നപരിഹാരത്തിനായി ഇറങ്ങി പുറപ്പെടുമ്പോൾ എത്തിച്ചേരുന്ന ശൂന്യത, ഇതിനിടയിൽ സന്തോഷവും സങ്കടവും അതുപോലെ തന്നെ ആനന്ദവും നൊമ്പരവും എല്ലാം ഒരു നാണയത്തിന്റെ ഇരുവശം എന്നപോലെ ജീവിതത്തിൽ വന്നുഭവിക്കുന്നു. അപ്പോഴും മാറ്റമില്ലാതെ തുടരുന്നത് ചില നല്ല സൗഹൃദങ്ങളാണ്. ആ നല്ല സൗഹൃദങ്ങളാണ് നമ്മുടെ തിക്താനുഭവത്തിൽ ആശ്വാസവും ആഹ്ലാദത്തിമിർപ്പിനു ആവേശവും പ്രതിസന്ധി ഘട്ടത്തിൽ വഴികാട്ടിയുമെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. ആ സംഭാഷണത്തിന് തിരശീല വീഴുമ്പോൾ മനസ്സ് പറയാതെ പറഞ്ഞു, ഈ കൂട്ടായ്മയുടെ കണ്ണികൾ ഇഴചേരുന്നത് ആ ഓർമ്മകളിൽ നിന്ന് തന്നെ ആകണമെന്ന്. പറയാൻ ബാക്കിവെച്ച കഥകൾ മനസ്സിൽ കൊണ്ടുനടന്നവർ എത്രയോ സമീപമെന്നു തിരിച്ചറിഞ്ഞു. കൂടെ ഉറ്റ ചില സഹപ്രവർത്തകർ കൂടി ഒപ്പം ചേർന്നപ്പോൾ രമേശന്റെ ആ സ്വപ്നങ്ങൾക്ക് ചിറകുകൾ മുളയ്ക്കുകയായിരുന്നു.
ആ സുഹൃത്തുക്കൾ തങ്ങൾ പറയാൻ വെമ്പിയ ആശയങ്ങൾ, കഥകൾ, യാത്രകൾ, ജീവിതാനുഭവങ്ങൾ, അങ്ങനെ പറയാൻ ബാക്കിവെച്ചതെല്ലാം ഒരു കുടക്കീഴിൽ ഒന്നൊന്നായി കോറിയിട്ടു. അവരുടെ സ്വപ്നങ്ങൾക്ക് നിറം പകരട്ടെ.

Leave a comment