പുണ്യാളന്റെ കോഴിമുട്ട

” ആ ..പൂയ് … ” വള്ളത്തിൽ നിന്ന് കുരിയച്ചൻ കൂകി വിളിച്ചു.. കടവത്ത് തുണി കഴുകികൊണ്ടിരുന്ന തെയ്യാമ്മ സോപ്പ്പതയേക്കാൾക്കാൾ വെൺമയുള്ള ഒരു ചിരിയോടെ   ചോദിച്ചു” എന്നതാടാ കുര്യാ ” .. കുരിയച്ചൻ അവലും പലവ്യഞ്ചനങ്ങളും കോഴികളും താറാവും  നിറച്ച  വള്ളവുമായി  തെയ്യാമ്മച്ചിയുടെ അടുത്തേക്ക് തുഴഞ്ഞടുത്തു ..” തെയ്യാമ്മച്ചിയേ … പെരുന്നാള് ലേലത്തിന് ഇവിടുന്നൊന്നും കൊടുക്കുന്നില്ലായോ ..പളളി പുതുക്കിയേനു ശേഷം വന്ന  ആദ്യത്തെ പെരുന്നാളല്ലേ … അക്കരത്തെ ജോർജ്ജ്കുട്ടി സാറും അവറാച്ചനും ഒക്കെ കൂടെ എന്നാ ഡൊണേഷനാ നടത്തിയേന്നാ .. കണ്ടാ …എന്റെ വള്ളം നിറഞ്ഞ്…  ” തെയ്യാമ്മ തന്റെ ചമ്മല് പുറത്ത് കാട്ടാതെ പറഞ്ഞു” നീയെന്നാ വർത്തമാനാടാ പറയണേ …ഞങ്ങ വള്ളോംപടിക്കാര് ഏതേലും പെരുന്നാളിന് മോശാക്കാറുണ്ടോടാ  ” 

” ആ… അതെനിക്കറിഞ്ഞൂടായോ ചേച്ചിയേ “കുരിയച്ചൻ കൂകി കൊണ്ട് വള്ളവുമായി കുതിച്ചു…നിറഞ്ഞ ഫസ്റ്റ് ക്ലാസ്സ് ചിരിയോടെ കുരിയച്ചനെ കൺവെട്ടത്ത് നിന്നും പറഞ്ഞ് വിട്ട് ശേഷം ജെറ്റ് വേഗത്തിൽ തെയ്യാമ്മ  വീടിനകത്തേക്ക് കുതിച്ചു… ഉള്ളിൽ, അടുക്കളയിലെ തടിബെഞ്ചിൽ ഇന്നലത്തെ റമ്മിന്റെ നാറ്റവുമായി വക്കച്ചൻ മലർന്ന് കിടപ്പുണ്ടായിരുന്നു.. വക്കച്ചന്റെ ശരീരത്തിൽ നിന്നും ഏതാണ്ട്, അര മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കുടവയറിന്റെ മധ്യ ഭാഗത്തായി തെയ്യാമ്മ ഒരു കുത്ത് വച്ചുകൊടുത്തു . ” അമ്മച്ചിയേ” എന്ന് വിളിച്ച് ചാടിയ വക്കച്ചനോട്  ദേഷ്യത്തോടെ തെയ്യാമ്മ അലറി ” ആ അലവലാതി കുരിയച്ചൻ വന്ന് നമ്മളെ ഊക്കിയേച്ച് ഇപ്പ പോയേ ഉള്ളൂ … ആ അമേരിക്കകാരൻ ജോർജ്ജിന്റെ എച്ചിലും  നക്കി ഉണ്ടാക്കാൻ വന്നേക്കുവാ അവൻ ..ആ  ഊച്ചാളി !!”

വക്കച്ചൻ തലചൊറിഞ്ഞ് നിലത്തിരുന്നു ” കാപ്പിയൊണ്ടോടീ ” 

തെയ്യാമ്മ രൂക്ഷമായ കണ്ണുകളോടെ അലറി ” കാപ്പി!! അപ്പൊ ഞാൻ പറഞ്ഞതൊന്നും കേട്ടില്ലായോ !!”വക്കച്ചൻ തിരിച്ചും അലറി ” അതിന് ഞാനെന്നാ വേണോന്നാ  ” തെയ്യാമ്മ പല്ല് ഞെരടിക്കൊണ്ട് ” ഇക്കൊല്ലം പള്ളി പെരുന്നാളിന് എന്നേലും കൊടുക്കണം !!! ആ മുട്ടയിടാത്ത പിടയില്ലയോ അതിനെ പോയി പിടിച്ച് കപ്യാർക്ക് കൊണ്ടെ കൊടുത്തേരേ “…

വക്കച്ചൻ കാപ്പിക്കായി ഒന്ന് കൂടി തലചൊറിഞ്ഞു , പിന്നെ തെയ്യാമ്മ മൈൻഡ് ചെയ്യില്ലാന്നറിഞ്ഞപ്പോ പിറുപിറുത്തു കൊണ്ട് കോഴിയെ പിടിക്കാൻ എറങ്ങിതിരിച്ചു ” കഴിഞ്ഞ വെള്ളപ്പൊക്കം കഴിഞ്ഞേച്ച് മുറ്റം പോലും കെട്ടീട്ടില്ല..  എന്നിട്ടവൾടെ ഒലക്കേലെ പെരുന്നാൾ ഡൊണേഷൻ ” 

കക്കാരച്ചിറ സെന്റ് സെബസ്ത്യാനോസ് ചർച്ചിലെ വലിയ പെരുന്നാളാണിന്ന് . പെരുന്നാളിന് വഴി നീളെ ചിന്തികടകളാണ്, കുപ്പിവളക്കടകൾ മുതൽ യൂസ്ഡ് ഫോൺ കടകൾ വരെ . പെരുന്നാൾ കുർബാന പള്ളിയിൽ ആഘോഷമായി നടക്കുമ്പോൾ ചിന്തിക്കടകളിൽ കുട്ടികളുടെ പെരുന്നാൾ ഷോപ്പിംഗും , ശവക്കോട്ടപറമ്പിലും കടവത്തുമായി മുതിർന്നവരുടെ മുച്ചീട്ട് , കുലുക്കികുത്ത് എന്നീ കലാപരിപാടികളും ഒരേസമയം തുടരുന്നുണ്ടാവും .   ആഘോഷമായ വി.കുർബാനയ്ക്ക് ശേഷം പെരുന്നാളിന്റെ ഏറ്റവും ആവേശകരമായ ലേലം വിളി തുടങ്ങുകയായി   . ഇടവകാംഗങ്ങൾ  സെബസ്ത്യാനോസ് പുണ്യാളനുള്ള നേർച്ചയായി അവരവരാൽ കഴിയുന്നതും അവനവന്റെ  പേര്  നാലാൾ മേനിയോടെ പറയുന്നതിന് ഉതകുന്നതുമായ എന്തെങ്കിലും കാഴ്ചവസ്തുക്കൾ ഡൊണേറ്റ് ചെയ്യാറുണ്ട്. 

പള്ളിക്കുള്ളിലുള്ള വിശ്വാസികളേക്കാൾ കൂടുതൽ പുറത്തായതിനാൽ നാല് കോളാംമ്പികൾ അവർക്ക് വേണ്ടി പുറത്തേയ്ക്ക് ഉന്തി വച്ചിരുന്നു ..അതിലൂടെ അവസാന ശ്രുശ്രൂഷയുടെ ശബ്ദം ഒഴുകിയെത്തി ” അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി, ഭൂമിയിൽ മനുഷ്യർക്ക് സമാധാനം, എന്നും എപ്പോഴും എന്നേക്കും ” ഇത് കേട്ട് പാടേ ബീഡിയിൽ നിന്നും ആഞ്ഞ് പുകയെടുത്ത് നിവർത്തിയിട്ടിരുന്ന തിരിയിൽ ബീഡിക്കുറ്റി   അമർത്തി രാജു ഭായ് പെരുന്നാൾ കതിനവെടിക്കെട്ടിന് തുടക്കമിട്ടു …

വെടി ശബ്ദം കേട്ടപാടേ ഉറങ്ങിക്കിടന്ന വരും ഉറക്കമില്ലാത്തവരുമായ വിശ്വാസികൾ ഒന്നടങ്കം ഞെട്ടിക്കൊണ്ട് പറഞ്ഞു” ആആ..ആ….ഹ്..ആമ്മേൻ.”3ഏക്കറ് പള്ളിപ്പറമ്പിന്റെ പല വശത്തായി ധ്യാനിച്ചു കൊണ്ടിരുന്ന ഇടവകജനം പള്ളിമുറ്റത്തേക്ക് ഒഴുകി തുടങ്ങി.

കപ്യാരും യുവജനസംഘടനയിലെ ഉശിരൻ ചെറുപ്പക്കാരും ചേർന്ന് ലേലത്തിനുള്ള സാധനങ്ങൾ എടുത്ത് പള്ളിമുറ്റത്ത് ഒരുക്കിവച്ചു .. പള്ളിവികാരി ഫാദർ ജോൺ തെക്കേമുറി ലേലസാധനങ്ങൾ എല്ലാം വഞ്ചരിച്ച്  ആദ്യം തന്നെ പ്രമാണികളുടെ ഡൊണേഷനുകൾക്ക് നന്ദി അറിയിച്ചു തുടങ്ങി ” നമ്മുടെ കൈക്കാരന്മാരായ അവറാച്ചനും ജോജിക്കും അവരുടെ കുടുംബത്തിനും വേണ്ടി പുണ്യാളനോട്  ആദ്യമേ പ്രാർത്ഥിക്കുന്നു.”അത് കേട്ട് അവറാച്ചനും ജോജിയും നന്ദി സൂചകമായി തല കുമ്പിടുകയും , അവരുടെ ഭാര്യമാരായ ലിസിയും നാൻസിയും എല്ലാ വർഷത്തേയും പോലെ തന്നെ സാരിത്തലപ്പ് കൊണ്ട് മുഖം പൊത്തി രഹസ്യമായി അഭിമാനിക്കുകയും  ചെയ്തു.

ഫാദർ തുടർന്ന് അമേരിക്കയിൽ നിന്ന് വന്ന  ജോർജ്ജ്കുട്ടിക്കും ഭാര്യ മേരിക്കുട്ടിക്കും പിന്നെ അമേരിക്കയിൽ നിന്നും കക്കാരച്ചിറ ഇടവകപ്പെരുന്നാളിനെപ്പറ്റി  കേട്ടറിഞ്ഞെത്തിയ ജോർജ്ജ്കുട്ടിയുടെ സായിപ്പ് സുഹൃത്തിനും നന്ദി അറിയിച്ചു.ജോർജ്ജ്കുട്ടി തന്റെ കറുത്ത കണ്ണട ഒന്ന് താഴ്ത്തി ഫാദറിനെ നോക്കി. ഫാദർ ജോർജ്ജിന്റെ നഗ്നനേത്രങ്ങൾ ദർശിച്ചതിൽ ധന്യനായി വീണ്ടും തുടർന്നു ” നമ്മുടെ തിരുനാൾ പ്രസദേന്തിയായ തോമസ് ഈപ്പനും കുടുംബത്തിനും നന്ദി അറിയിച്ചുകൊള്ളുന്നു” .

“അച്ചോ , അതാരാ അച്ചോ നമ്മടെ ഇടവകയില് ആ പേരിൽ ഒരാള് ” കൂടിയിരുന്നവരിൽ ആരോ ചോദിച്ചു …”നമ്മടെ ചെകുത്താനാടാ …ചെകുത്താൻ ” കുടിയൻ പൈലി വിളിച്ചു പറഞ്ഞു..ആൾക്കുട്ടത്തിൽ ഒരു ചിരി പൊട്ടി …പള്ളിമുറ്റത്ത് നിന്നും കുറച്ച് മാറി ഒരു ബബ്ളൂസ് നാരകത്തിനടിയിരിലുന്ന് ഐസ്ക്രീം കഴിച്ചുകൊണ്ടിരുന്ന ചെകുത്താൻ പാതി ഐസ്ക്രീം വലിച്ചെറിഞ്ഞ് പള്ളിമുറ്റത്തേക്ക് വിറച്ച്കൊണ്ട് പാഞ്ഞ് വന്നു..” ഏതവനാടാ എന്റെ ശരിപ്പേര് അറിയേണ്ടത്” കറുത്ത് തടിച്ച ശരീരമുള്ള ചെകുത്താൻ തന്റെ നെഞ്ചത്ത് മുഷ്ടി ചുരുട്ടി ഒന്നടിച്ചു…. ചെകുത്താന്റെ ചുണ്ടിൽ നിന്ന് ഭീതിജനകമാം വിധം ഐസ്ക്രീമിന്റെ നുര താഴേക്ക് ഒഴുകി .ജനക്കൂട്ടം ഒന്ന് പകച്ചു.. എങ്കിലുംചിരി അവസാനിപ്പിക്കാൻ പാടുപെടുകയായിരുന്നു ജോർജ്ജ്കുട്ടി.. ചെകുത്താൻ തന്റെ ക്രൂരമായ നോട്ടം എറിഞ്ഞ് കൊണ്ട് ജോർജ്ജ്കുട്ടിയൊട്  ചോദിച്ചു ” എന്നാ കേട്ടിട്ടാടാ വൂളേ നീ ഇളിക്കണത് ” അപ്രതീക്ഷിതമായ ഈ മെക്കിട്ടുകേറലിൽ ഞെട്ടി ജോർജ്ജ് കുട്ടി മേരിക്കുട്ടിയെ നോക്കി.മേരിക്കുട്ടി കണ്ണുരുട്ടി ചെകുത്താനെ നോക്കി. മല പോലെ വന്ന ചെകുത്താൻ ആ നോട്ടത്തിൽ ഒന്ന് പതറി , താണ് വഴി   മാറി നിന്നു.

നാലാം ക്ളാസിലെ ഫാൻസിഡ്രസ് മൽസരത്തിൽ വേടനായി വേഷം കെട്ടി വന്നതായിരുന്നു  തോമസ് കുട്ടി, കറുത്തുരുണ്ട ശരീരവും കോസ്റ്റ്യൂമിലെ പ്രാവിന്റെ  രക്തവും കൂടി കണ്ടപ്പോൾ സോഡാ ജോണിയാണ് ആദ്യമായി ചെകുത്താനേ എന്ന് വിളിച്ചത്. പിന്നെ ആ വിളി ഇടവകയിലെ കൊച്ചുകുട്ടികൾ വരെ വിളിച്ച് തുടങ്ങി. പന്ത്രണ്ടാം വയസിലാണ് ചെകുത്താന് സുന്ദരിയായ മേരിക്കുട്ടിയോട് ഇഷ്ടം തോന്നുന്നത് . വെളുത്ത് നീണ്ട  ജോർജ്കുട്ടിയും ,മോഹൻലാൽ സുജിത്തും ഒക്കെ പിറകെ നടന്നിരുന്നെങ്കിലും മേരിക്കുട്ടിയെ എന്നും ചിരിപ്പിച്ചിരുന്നത് ചെകുത്താനായിരുന്നു . പക്ഷേ , കാലവും ചെകുത്താന്റെ നിർദ്ധന കുടുംബാവസ്ഥകളും ചില സ്വപ്നങ്ങൾക്ക് തടയിട്ടു. മേരിക്കുട്ടി ജോർജ്ജിനെ കെട്ടി അമേരിക്കയ്ക് പറന്നു.കൺട്രാക്ടറ് പണിയെടുത്ത് ചെകുത്താൻ പിൽക്കാലത്ത് ഒരു പുത്തൻപണക്കാരനായെങ്കിലും സ്വന്തം  പേരും  മേരിക്കുട്ടിയേയും തിരിച്ചുകിട്ടിയില്ല .

 സാഹചര്യം കലുഷിതമാവുന്നത് കണ്ട ഫാദർ സമാധാനത്തിനായി ഇടവകജനത്തോട് ആഹ്വാനം ചെയ്തിട്ട് കപ്യാരെ വിളിച്ച്  രഹസ്യത്തിൽ പറഞ്ഞു..” ചെകുത്താൻ അലമ്പാകാതെ ശ്രദ്ധിക്കണം.  എന്റെ ഈശോയേ  ….നറുക്കെടുപ്പ് ഇല്ലാരുന്നേല് ഈ പോഴനെയൊക്കെ പ്രസദേന്തി ആക്കേണ്ടി വരൂല്ലാരുന്ന്ല്ലോ”

ലേലം തുടങ്ങുകയായി  …ചക്ക , മാങ്ങ ,കോഴിമുട്ട എന്നിവയിൽ തുടങ്ങി അവറാച്ചന്റെ മുഴുത്ത മുട്ടനാടിനെ വരെ ലേലത്തിന് വച്ചിരുന്നു.. ഗൾഫിൽ നിന്ന് അപ്പച്ചൻ  അമ്മച്ചിക്കായി കൊടുത്തയച്ച  അത്തറ് കുപ്പികളുടെ ഒരു സെറ്റ്  എസ്എസ്എൽസി പാസാക്കാൻ പുണ്യാളനുള്ള  കോഴയായി സാബുമോൻ വീട്ടിൽ നിന്ന് അടിച്ചുമാറ്റി  ലേലത്തിന് വച്ചിരുന്നു. അത് ലേലം വിളിക്കണ കണ്ട    അമ്മച്ചി അവന്റെ ചെവിക്ക് പിടിച്ച് കിഴുക്കി . ലേലത്തിൽ മത്സരിച്ചുള്ള വിളി ജോർജ്ജ്കുട്ടിയും അവറാച്ചനും തമ്മിലാരുന്നു .. ഇടയ്ക്ക് അവറാച്ചൻ വിട്ട്  കൊടുക്കുന്നു എന്ന് തോന്നുമ്പോൾ മാത്രം ചെകുത്താൻ ഒന്ന് കേറ്റിവിളിക്കും .. ” അമേരിക്കേനെ തൊടാൻ വളർന്നിട്ടില്ലടാ നീ  ” എന്നാർത്ത് ജോർജ്ജിന്റെ ആശ്രിതൻ ചാക്കോ അപ്പൊ ഒന്ന് കേറ്റിവിളിക്കും … എന്നിട്ട് കുനിഞ്ഞ് നിന്ന് ജോർജ്ജ്കുട്ടിയോടായി അറിയിക്കും ” കുഞ്ഞേ വിളിച്ചിട്ടുണ്ടേ ” .ലേലം ആവേശ്വോജ്ജ്വലമായി പൊടിച്ചു . കാശുള്ളവരും  വാശിമാത്രമുള്ളവരും എല്ലാം അടങ്ങിയ പുരുഷാരം പുണ്യാളനെ റിച്ച് ആക്കാൻ മത്സരിച്ചു.

തെയ്യാമ്മയുടെ കോഴിയായിരുന്നു  ലിസ്റ്റിലെ അവസാന ഐറ്റം . കപ്യാര് സേവിച്ചൻ 100 രൂപ വിളിച്ചു.  ആരും വിളിക്കുന്ന കാണാഞ്ഞപ്പോള് തന്റെ കോഴിക്ക് വിലയില്ലാത്തതിന്റെ അഭിമാനക്ഷതത്തിനാൽ തെയ്യാമ്മ വിളിച്ചു “150” .ഒരു തരം കപ്യാര് വിളിച്ചു…

ചെകുത്താൻ മേരിക്കുട്ടിയെ തന്നെ നോക്കി തന്റെ മുട്ടനാടിനെയും ഒക്കത്തിരുത്തി തലോടിക്കൊണ്ടിരുന്നു .. ഇത് നോക്കി നിന്ന ജോർജ്ജ് കുട്ടി മേരിക്കുട്ടിയെ വട്ടം ചേർത്ത് പിടിച്ച് ചെവിയിൽ എന്തോ പറഞ്ഞു.. മേരിക്കുട്ടി തെല്ലൊരസ്വസ്ഥതയോടെ പിൻവലിഞ്ഞു.. കഴിഞ്ഞ പെരുന്നാൾ ലേലം കഴിഞ്ഞ് ശവക്കോട്ടയിൽ അപ്പച്ചന് പൂവ് വയ്ക്കാൻ വന്നപ്പോഴാണ് മേരിക്കുട്ടിയോട് ചെകുത്താൻ അവസാനമായി സംസാരിക്കുന്നത് .. അന്നും മേരിക്കുട്ടി ഒരുപാട് ചിരിച്ചിരുന്നു . തന്നോട് സംസാരിക്കുമ്പോൾ മാത്രമേ മേരിക്കുട്ടിക്ക് ഇങ്ങനെ ചിരിക്കാന് കഴിയാറുള്ളൂ എന്ന്  ചെകുത്താന് അന്ന് തോന്നി.പോവുമ്പോൾ ചെകുത്താൻ ഒരു തമാശ കൂടി പറഞ്ഞു” അമേരിക്കയിലൊക്കെ ഭർത്താവിനെ ഉപേക്ഷിക്കുന്ന ഭാര്യമാര് സാധാരണ ആണെന്നാ ഞാൻ കേട്ടിട്ടുള്ളേ ” . മേരിക്കുട്ടി പൊട്ടിച്ചിരിച്ചു കൊണ്ട് പൊയ്ക്കളഞ്ഞു.

ജോർജ്കുട്ടി യുടെ കൈകകൾ മേരിക്കുട്ടിയുടെ തോളിൽ അമർന്നിരുന്നു . കപ്യാര് വിളിച്ചു ” 150 രണ്ട് തരം ” ചെകുത്താൻ പ്രാന്തോടെ വിളിച്ചു ” 200 ..നീ കേറ്റിവിളിയെടാ സായിപ്പേ..” 

ജോർജ്ജ് കുട്ടി ചിരിച്ച് കൊണ്ട്  ” നീ കൊണ്ട് പോടാ വള്ളോംപടിക്കാർടെ പട്ടിണിക്കോഴിയേ ” 

കോഴിയെ പറഞ്ഞത് സഹിക്കാഞ്ഞ തെയ്യാമ്മ ” പ്ഭാ … അമേരിക്കക്കാരൻ പത്രാസ് നാറീ .. കോഴിയെ പറയുന്നോ നീ … 250 .. ചൊണയൊണ്ടേല് കേറ്റി വിളിക്കടാ ” കണ്ട് കൊണ്ട് നിന്ന് വക്കച്ചന്റെ നെഞ്ചൊന്ന് മിന്നി ” ഇവളിതെന്നാം ഭാവിച്ച??”

അപ്രതീക്ഷിതമായി തെയ്യാമ്മയുടെ വായിൽനിന്ന് കേട്ടതിന്റെ  ചൂടിൽ ജോർജ്ജ് കുട്ടി  ഒരു 300 വിളിച്ചു.. ചെകുത്താൻ ” നിന്റെ പോക്കറ്റില് തൊള വീഴ്ത്തണോടാവ്വേ ” എന്നാർത്ത് കൊണ്ട് ഒരു 400 വിളിച്ചു..തെയ്യാമ്മയുടെ മുഖം വിടർന്നു … അങ്ങനെ നമ്മടെ കോഴിക്ക് ഒത്ത വിലയായി എന്ന് സമാധാനിച്ചു…” അവസാന ഐറ്റം ആണ് .. 400 ഒരു തരം … ഈ വർഷത്തെ അവസാന ലേലത്തിന്റെ അവസാന വിളി …. രണ്ട് തരം ” കപ്യാർ ആർത്തു …”500″ ചാക്കോ നീട്ടി വിളിച്ചു എന്നിട്ട് മാറി ഓച്ചാനിച്ച് നിന്നു.ആവേശം   അപകടം ആണെന്ന് തോന്നിയ ഫാദർ  പള്ളി മോണ്ഡളത്തിൽ തൂണും ചാരി സൊറ പറഞ്ഞിരുന്ന ത്രേസ്യാമ്മയെ അടുത്ത് വിളിച്ചു  പറഞ്ഞു ” ത്രേസ്സ്യേച്ചിയേ!! കൊള്ളാവുന്ന കുടുംബക്കാരല്ലയോ ഈ നിക്കണവരൊക്കെ…ഇതിനെടയില് ഇവൻ എന്നാ പോക്കണംകേടാ ഈ കാണിക്കുന്നേ … അറിഞ്ഞിട്ട പേരാ …ചെകുത്താനെ ന്ന് …ത്രേസ്യേച്ചീ, നല്ലൊരു തിരുനാൾ ദിവസാണ് ..മോനേം വിളിച്ച് വീട്ടിലോട്ടു പോയേ ..പ്രായായി വരുവല്ലേ , പള്ളീം പട്ടക്കാരും ഒക്കെ ആവശ്യമായ സമയാണ് .. പള്ളീം വേണ്ടാ എന്ന് പട്ടക്കാരും വേണ്ടാ ന്നു പറഞ്ഞ് നടന്ന അച്ചായൻ ചാവാന്നേരം എങ്ങനാരുന്നുവെന്ന് ഞാൻ ഓർമ്മിപ്പിക്കണ്ടല്ലോ ” . ത്രേസ്യയുടെ കണ്ണുകളിൽ വെള്ളം നിറഞ്ഞു. ശവക്കോട്ടപ്പറമ്പിലെ പുറമ്പോക്കിൽ കിടക്കുന്ന അച്ചായനെ അവർ  ഓർത്തു. ഇത് പറഞ്ഞ് കഴിഞ്ഞപ്പോൾ തന്നിൽ ഒരു ദിവ്യത്വമുള്ളതായി ഫാദർ ജോൺ തെക്കേമുറിക്ക്അനുഭവപ്പെട്ടു    . ” ടാ നീ ഇനി കേറ്റി വിളിക്കണ്ടടാ … ” ത്രേസ്യാമ്മ  ചെകുത്താന്റെ അടുത്ത്  ചെന്ന് പറഞ്ഞു… ചെകുത്താൻ നല്ല അരിശത്തോടെ എന്നാൽ മെല്ലെ ” അമ്മച്ചിക്കെന്നാ പറ്റി ?? ”  എന്ന് ചോദിച്ചതും ത്രേസ്യയുടെ കണ്ണുകൾ നിറയുന്നത് അവൻ കണ്ടു…..  ” അപ്പച്ചനേപോലാന്നോ നീയും? .. എനിക്ക് പേടിയാ തോമസൂട്ടി …നീ നിർത്ത് ഈ ലേലം വിളിച്ച് കിട്ടിയേച്ച് എന്നാത്തിനാ ?” ത്രേസ്യ പറഞ്ഞു… ചെകുത്താൻ അകലെ നിന്ന് തങ്ങളെ വീക്ഷിക്കുന്ന ഫാദറിനെ നോക്കി.. ചെകുത്താന്റെ കണ്ണുകളിൽ ചുവപ്പ് നിറയുന്നത് കണ്ട് ഫാദർ തിരുവസ്ത്രം ചേർത്ത് നെഞ്ചിലെ കൊന്ത മുറുകെ പിടിച്ചു..” വിട്ടുകളയടാ  തോമസൂട്ടിയേ  !!” ത്രേസ്യാമ്മ ചിരിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു… ചെകുത്താൻ അമ്മച്ചിയെ ആർദ്രമായി ഒന്ന് നോക്കി.. എന്നിട്ട് ചേർത്ത് കെട്ടിപ്പിടിച്ചു നിർത്തി ..അമ്മച്ചിക്ക് മേരിക്കുട്ടി എവിടെയെന്ന് കാണിച്ച് കൊടുത്തു… ഇടയ്ക്ക് മേരിക്കുട്ടി തിരിഞ്ഞ് നോക്കി അമ്മച്ചിയെ കൈ വീശി കാണിച്ചു…” മൂന്നാം തരം വിളിക്കാൻ പോകുന്നു…ലേലം ഉറപ്പിക്കുന്നു…” കപ്യാര് കൂകി

ചെകുത്താൻ അമ്മച്ചിയെ പറഞ്ഞ് വിടാൻ തുടങ്ങി… ”  ഞാൻ ലേലം കഴിഞ്ഞ് നേരെ  വന്നോളാം ” ത്രേസ്യ തിരിഞ്ഞ് നിന്ന് ചെകുത്താനെ ഒന്ന്കൂടി ശാസനയോടെ നോക്കി…”ഞാൻ വിളിക്കുന്നില്ല ” ചെകുത്താൻ ഉറച്ച് പറഞ്ഞു. ഒരു ഓർമ്മപ്പെടുത്തൽ ആയി എന്ന ഉറപ്പോടെ ത്രേസ്യ നടന്നകന്നു.ലേലത്തിന്റെ അവസാനത്തിന് കാത്ത് നിൽക്കാതെ എല്ലാം ഭംഗിയായി അവസാനിച്ചതിന്റെ ആഹ്ലാദത്തിൽ  അവറാച്ചന്റെ വീട്ടിൽ നിന്നും കൊടുത്തയച്ച പാലപ്പവും ബീഫും  കഴിക്കാനായി ഫാദർ  പള്ളിമേടയിലേക്ക് വിട്ടു.

കപ്യാര് സേവിച്ചൻ സർവ്വ ശക്തിയും കൊണ്ട് വിളിച്ചു        ” ലേലം ഉറപ്പിക്കുന്നു… ഈ വലിയ പെരുന്നാളിന്റെ  അവസാന ലേലം … ലാസ്റ്റ് ചാൻസ്…

“” അല്ല സേവിച്ചായോ ” യുവജനസംഘം ലീഡറ് ലിന്റോമോൻ വിളിച്ചു പറഞ്ഞു ” ലാസ്റ്റ് ലേലം അല്ല … വള്ളോംപാട്ടെ കോഴി ഒരു മുട്ട ഇട്ടു ” 

കപ്യാരും നാട്ടാരും അവിശ്വാസത്തോടെ പെട്ടിയിലേക്ക് നോക്കി. അതേ ലേലത്തിന് പുണ്യാളന്റെ വക ഒരു മുട്ട കൂടി… 

126 വർഷങ്ങൾക്ക് മുന്പ് ഒരു ഞായറാഴ്ച ദിവസം പോളണ്ട് കാരൻ ഫിലേസോ  സായിപ്പാണ്  കക്കാരച്ചിറയിൽ ഒരു സെബസ്ത്യാനോസിന്റെ രൂപം വച്ച് പള്ളി സ്ഥാപിച്ചത് . അന്ന് മുതൽ എല്ലാ വർഷവും മീനച്ചൂട് തുടങ്ങുന്നതിനു മുമ്പ് കക്കാരച്ചിറക്കാർ വലിയ പെരുന്നാളും തിരുന്നാൾ ലേലവും നടത്തിക്കൊണ്ടിരുന്നു . ഇന്ന് ചരിത്രത്തിൽ ആദ്യമായി ലേലത്തിന് വച്ച കോഴികളിലൊന്ന് പള്ളിയിൽ വച്ച് മുട്ടയിട്ടു.

കപ്യാര് ആവേശ്വോജ്വലനായി പ്രഖ്യാപിച്ചു ” ഇതാ സെബസ്ത്യാനോസ് പുണ്യാളന്റെ അനുഗ്രഹാശിസ്സുകളോടെ ഇട്ട മുട്ടയാണ് നമ്മുടെ അവസാന ലേലം … മുട്ട ഒന്ന് 10 ” 

പിരിഞ്ഞ് പോവാൻ  തുടങ്ങിയ ഇടവകജനങ്ങളിൽ പലരും തിരിച്ചു വന്ന് തുടങ്ങി. ഇത് വരെ ഉള്ള ലേലസാധനങ്ങളിൽ വച്ച് ഏറ്റവും വിലപ്പെട്ട സാധനമാണ് ഈ വിളിക്കുന്നതെന്ന് തിരിച്ചറിഞ്ഞ പ്രമാണിമാർ കൈയ്യും മെയ്യും മറന്ന് തയ്യാറായി ഇരുന്നു.

” പുണ്യാളന്റെ കോഴിമുട്ടക്ക് 10 രൂപയോ !!! 100 എന്ന് വിളിയെടാ ” എന്ന്  പറഞ്ഞ് അവറാച്ചൻ വിളി തുടങ്ങി…

കപ്യാര് മൈക്കിലൂടെ പ്രഖ്യാപിച്ചു” 100..പുണ്യാളന്റെ മുട്ടയ്ക്ക് ആദ്യ വിളി നൂറ് ” 

തങ്ങളുടെ അഭിമാനമായ കോഴിയെ ക്കുറിച്ച് നാലാള് അറിയട്ടെ എന്ന് കരുതി തെയ്യാമ്മ മക്കളായ റീബയേം സിസിലിയേം പിരിഞ്ഞ് പോയ കുടുംബക്കാരെ വിളിച്ചോണ്ട് വരാൻ പറഞ്ഞയച്ചു .. കുട്ടികൾ ആറ്റിറമ്പിലൂടെ ഓടി നാടൊട്ടുക്ക് വിളിച്ചറിയിച്ചു..

ജോർജ്ജ് കുട്ടി ഈ മഹത്തായ ലേലത്തിൽ താനല്ലാതെ മറ്റൊരാൾ വിജയിക്കാന് പാടില്ല എന്ന ഊക്കോടെ ഇരുനൂറ് എന്നുവച്ച് വിളിച്ചു.. ഉച്ചവെയിൽ വന്ന് കേറി മൈഗ്രേൻ  കൂടും  എന്ന് തോന്നിയ മേരിക്കുട്ടി പോവുകയാണെന്ന് ജോർജ്ജ് കുട്ടിയെ അറിയിച്ചു…പോവേണ്ട എന്ന് ഒരു രൂക്ഷമായ നോട്ടം കൊണ്ട് ശട്ടംകെട്ടാൻ അയാൾ ശ്രമിച്ചെങ്കിലും മേരിക്കുട്ടിയെ തടയാൻ അയാൾക്ക് സാധിക്കുമായിരുന്നില്ല. മേരിക്കുട്ടി നടന്ന് പോകുന്നത് കണ്ട ചെകുത്താൻ അവളോട് സംസാരിക്കാനായി ഉള്ളു നിറഞ്ഞ് അടുത്തേക്ക് ചെന്ന്.. ” മേരീ ” എന്ന് വിളിച്ചു. മേരിക്കുട്ടി ഒരു നിമിഷം നിന്നു ചുറ്റും നോക്കി. ജോർജ്ജ്കുട്ടി യും റാഹേൽ അമ്മച്ചിയുമൊക്കെ തന്നെ നോക്കി നില്ക്കുന്നുണ്ടെന്ന് കണ്ടപ്പോൾ ചെകുത്താനോട് ” നിനക്ക് നാണമില്ലേടാ  ഇങ്ങനെ പിറകേ വരാൻ ” എന്ന് ചോദിച്ചു… മേരിക്കുട്ടിയുടെ മറുപടി കേട്ട ചെകുത്താൻ തളർന്നു.. കണ്ട് കൊണ്ട് നിന്ന് അവറാച്ചന്റെ സിൽബന്ധികളും ജോർജ്ജ്കുട്ടിയും മറ്റ് ഇടവക പുണ്യാത്മാക്കളും ഉച്ചത്തിൽ ചിരിച്ചു…” ഇവനെപ്പോലൊരു പോഴൻ ” എന്ന് പറഞ്ഞ് ജോർജ്ജ് കുട്ടിയുടെ അമ്മ റാഹേല് ചുറ്റും നിന്ന് സ്ത്രീകളോട്  പറഞ്ഞു ചിരിച്ചു.ചെകുത്താൻ പള്ളിമുറ്റത്തെ അരത്തറസിൽ മുട്ടനാടിനെയും പിടിച്ച് കൊണ്ടിരുപ്പായി …

കപ്യാര് സേവിചച്ചൻ ഈ നാടകങ്ങൾ വഴി ആവേശം ചോർന്ന് പോകാതിരിക്കാൻ വീണ്ടും വിളിച്ചു ” ഇരുനൂറ് രണ്ട് തരം …പുണ്യാളന്റെ കോഴിമുട്ടയ്ക് വെറും ഇരുനൂറ് മാത്രെഉള്ളോ …കക്കാരച്ചിറയ്ക്ക് മോശം പറയിപ്പിക്കല്ലേ ” 

” 300″ എന്ന് മതിലിൻമേൽ നിന്ന് പടക്കം രാജേഷ് വിളിച്ചു പറഞ്ഞു.. രാജേഷ് വിളിച്ചു കഴിഞ്ഞ് മതില് ചാടി മുണ്ടും മടക്കി പള്ളിമുറ്റത്തേക്ക് വന്നു.. അവറാച്ചൻ ഒന്നും മുരടനക്കി ..” 400 ” എന്ന് വിളിച്ചു ..

രാജേഷ് തീരെ ശങ്കിക്കാതെ  അഞ്ഞൂറ് വിളിച്ചു.അവറാച്ചൻ രഹസ്യമായി കപ്യാരുടെ ചെവിയിൽ എന്തോ പറഞ്ഞു” ഈ ലേലം ഇടവക ജനങ്ങൾക്ക് മാത്രം ഉള്ളതാണ് . ഈ ഇടവകക്കാരല്ലാത്തവർക്ക് ലേലത്തിനുള്ള പങ്കെടുക്കാൻ  അവസരം ഉണ്ടായിരിക്കുന്നതല്ല “..

ഇത് കേട്ട് അവറാച്ചൻ പക്ഷക്കാർ കൈയ്ടിച്ചു.. ചെകുത്താൻ തന്റെ ഇരുപ്പിൽ നിന്നെഴുന്നേറ്റ് അവറാച്ചന്റെ മുന്പിൽ പോയി  കപ്യാരോടായ് ചോദിച്ചു ” അതെന്നാ നിയമമാ .. ഇത് വരെ ഇല്ലല്ലോ അങ്ങനെ ഒരു നിയമം…. കുടമാളൂര്കാരനല്ലയൊ അവറാച്ചന്റെ മരുമോൻ ബേബി , അവൻ ദേണ്ടെ   ഒരു താറാവിനെ പിടിച്ചു നിൽക്കുന്നു. ഈ ജോർജ്ജ്കുട്ടീടെ എർത്ത് സായിപ്പിനും കിട്ടിയല്ലോ ഒരു വരിക്കചക്ക . ഇവിടെ നിങ്ങടെ പ്രമാണിത്തരം ഒന്നും നടക്കൂല്ല അവറാച്ചോ …ന്യായം മതി ഇവിടെ ..” ചെകുത്താന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഒരു വലിയ സദസ്സിന്റെ കരഘോഷം ലഭിച്ചു.. അവറാച്ചൻ തന്റെ സ്വതസിദ്ധമായ സൗമ്യത വിടാതെ പറഞ്ഞു ” അതിന്  ഇവൻ ചൊവ്വനാടാ..  പുറമേക്കാരൻ ..ഇവിടെ പുണ്യാളന്റെ ലേലം  സത്യക്രിസ്ത്യാനികള് മാത്രം വിളിച്ചാൽ മതി .  ഞാൻ വിളിക്കുന്നു  അറുനൂറ് ..” 

ഇത് കേട്ട് ജനക്കൂട്ടം സംശയ ത്തിലായി .. ക്രിസ്ത്യാനിയായ സെബസ്ത്യാനോസ് പുണ്യാളന്റെ മുട്ട ഒരു ഈഴവചെക്കൻ വിളിച്ചോണ്ട് പോണത് വിശ്വാസികളായ കക്കാരച്ചിറക്കാർക്കും പുണ്യാളനും അപമാനം തന്നെ എന്നുറപ്പാണ്.

അവറാച്ചന്റെ മകള്  മേഴ്സിയും രാജേഷും പണ്ട് നാടറിയിച്ച് പ്രേമിച്ച് നടന്ന കാലത്ത് അവറാച്ചൻ രാജേഷിനെ തല്ലാൻ രണ്ട് തമിഴൻമാരെ  ഏല്പിച്ചിരുന്നു .. കാശ് കൊടുത്ത് വിട്ട് തമിഴൻമാരെ പിന്നെ അവറാച്ചൻ കണ്ടിട്ടില്ലാന്ന് മാത്രമല്ല , നാട്ടിലുള്ള സകല ചവറ് പിള്ളേരും രാജേഷിന്റെ നേതൃത്വത്തിൽ അവറാച്ചന്റെ വീടിന് മുൻപിൽ ഇട്ട് ഒരു രാത്രി മുഴുക്കെ പടക്കം പൊട്ടിച്ചു. അന്നത്തെ രാത്രിയുടെ ഓർമ്മയിൽ അവറാച്ചൻ മുഴുകി.

ചെകുത്താൻ ആവേശത്തോടെ ” എന്നാ അവനുവേണ്ടി ഞാൻ  വിളിക്കാം ..ആയിരം ..ഒരു തരം .. രണ്ട് തരം “

ആയിരം രൂപയുടെ മുട്ടയെക്കുറിച്ചാലോചിച്ച് കപ്യാര് സേവിച്ചൻ കുഴങ്ങുന്നത് കണ്ട് ലിന്റോമോൻ മൈക്ക് പിടിച്ചു വാങ്ങി ” ഒരു  കോഴിമുട്ടയ്ക്ക് ആയിരം രൂഫാ … പുണ്യാളന്റെ മുട്ട.. ഒരു തരം …ഇനി വിളിക്കാന് ആളുണ്ടോ ..?? ആയിരം രൂപാ ..” ഇടവകജനങ്ങൾ രണ്ട് പക്ഷമായി .. ജോർജ്ജ്കുട്ടി അവറാച്ചനോട് ചേർന്ന് നിന്ന് ” വിളി അവറാച്ചായോ ” എന്നാർത്തു …

” ഇന്നലെ കാശ് കണ്ട് തൊടങ്ങിയ നീയൊന്നും കുടുംബക്കാരോട് മത്സരിക്കാറായിട്ടില്ല ” അവറാച്ചൻ മുണ്ട് മടക്കി ” ആയിരത്തി ഇരുനൂറ് ” ജനം കൂകി…

” ഒന്ന് പോ ഉവ്വേ ..ഒരു പെരുന്നാള് നടത്താമെങ്കില് ഈ കാശ് ചെകുത്താന് പുല്ലാ … ആയിരത്തി മുന്നൂറ് ..” 

” ഇത് പോലെ ഒരമ്പത് പെരുന്നാളെങ്കിലും നടത്തിയിട്ടുണ്ടടാ ഞങ്ങള് …ഒരൊറ്റ പെരുന്നാള് മാത്രം നടത്തിയിട്ട് നീ കെടന്ന് നെഗളിക്കല്ലേടാവ്വേ ..ആയിരത്തി അഞ്ഞൂറ്..” 

” വല്യ ഫാമിലിയാ … രാജേഷിന്റെ കൂടെ ഒളിച്ചോടിയത് പോയിട്ട് രണ്ടാഴ്ച കയിഞ്ഞല്ലിയോ മോള് വീട്ടിലെത്തിയേ.. ആയിരത്തിഎഴുനൂറ്  “

അവറാച്ചൻ ക്രുദ്ധനായി..” തെമ്മാടിപ്പറമ്പിലല്ലിയോടാ നിൻ്റെയപ്പൻ , മാർക്കം കൂടിവന്ന ചാവാലിയൊക്കെ സത്യക്രിസ്ത്യാനികളോട് കെടന്ന് ചീറ്റുന്നു …”

അവറാച്ചൻ പറഞ്ഞു മുഴുമിപ്പിക്കുന്നതിന് മുൻപേ ചെകുത്താൻ കുതറി ചാടി അവറാച്ചന് നേരെ കൈ വീശി …അവറാച്ചൻ  ഒഴിഞ്ഞ് മാറിയതിനാൽ അടി പിന്നിൽ നിന്ന് ജോർജ്ജ്കുട്ടിയുടെ സായിപ്പിന് കിട്ടി.സായിപ്പ് ” ഗോഡ് ” എന്ന വിളിയോടെ ദാ .. നിലത്ത്..

ഡ്യൂട്ടിയിലുണ്ടാരുന്ന കോൺസ്റ്റബിൾ കുഞ്ഞച്ചൻ വിസിലടിച്ചു.. ഗേറ്റിങ്കൽ പാറാവ് നിന്ന രണ്ട് പോലീസുകാർ കൂടി ഓടിവന്നു… പിടിവലിയായി.. ഫാദറിനെ വിളിക്കാൻ കപ്യാരോടി …ചെകുത്താനെയും അവറാച്ചനേയും ജനം പിടിച്ചു വലിച്ച് നിർത്തിയിരിക്കുന്നു..കുഞ്ഞച്ചൻ നിർത്താതെ വിസിലടിച്ചുകൊണ്ടിരുന്നു ..സുഭിക്ഷം ഉണ്ട് വിശ്രമിക്കയായിരുന്ന ഫാദർ ജോണി തെക്കേമുറി ഒരു ബനിയനും കൈലിയുമുടുത്ത് കൊണ്ട് ഓടി വന്നു…ഫാദർ പ്രഖ്യാപിച്ചു ” നിർത്തിക്കോ ..ലേലം ..ഇനിയിവിടെ ആരും നിക്കണ്ടാ …” 

” അങ്ങനാ പറഞ്ഞാ എങ്ങനാച്ചോ ..ആ മുട്ട ബാക്കിയിരിക്കുവല്ലേ ? ” വക്കച്ചൻ ചോദിച്ചു …

അച്ചൻ ഒന്ന് ചിന്തിച്ചു. ” ആ … അവസാനം വിളിച്ചതാരാടാ ” ഫാദർ അരിശത്തോടെ  കപ്യാരോട് ചോദിച്ചു…” ചെകുത്താനാണച്ചോ ” ലിന്റോമോൻ ആവേശത്തോടെ അറിയിച്ചു…

ഫാദർ  ഒന്ന് ഞെട്ടി … നിന്ന് കുതറുന്ന അവറാച്ചനെ ഒന്ന് നോക്കി മനസ്സില്ലാമനസ്സോടെ അയാൾ പറഞ്ഞു..” ആ..  അതവന് കൊടുത്തേരെ” 

ആൾക്കൂട്ടം ആർപ്പ് വിളിച്ചു… ചെകുത്താൻ പോലീസ്കാരുടെ കൈവിടുവിച്ച് കൊണ്ട് മുണ്ട് മടക്കി ഗർജ്ജിച്ചുകൊണ്ട് കപ്യാരുടെ അടുത്തേക്ക് ചെന്നു.. അയാൾ കപ്യാരുടെ കയ്യിലിരുന്ന ആ കോഴിമുട്ട വാങ്ങി ചുറ്റുമുള്ള ആളുകൾക്ക് മുൻപിൽ വച്ച് സ്വർഗ്ഗത്തിലേക്കുയർത്തി തന്റെ വലത് കയ്യുടെ നടുവിരൽ കൊണ്ട് നെടുകെ ഉടച്ച് പൊട്ടിച്ച് വായിലേക്കൊഴിച്ചു.

രൂപക്കൂട്ടിലെ കുരിശിൽ കിടന്ന് സെബസ്ത്യാനോസ് പുണ്യാളൻ വിലപിച്ചു ” അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി, ഭൂമിയിൽ മനുഷ്യർക്ക് സമാധാനം .”

Pic credits: Devika Dinesh

Leave a comment

Create a website or blog at WordPress.com

Up ↑

Design a site like this with WordPress.com
Get started