ഉച്ചയ്ക്കുള്ള ചെന്നൈ – തിരുവനന്തപുരം എക്സ്പ്രസ്സ് പിടിക്കാനായി ഓഫീസിലെ പണി എല്ലാം ഒതുക്കി ടീംമേറ്റ്സിനോട് ബൈ പറഞ്ഞു, പിന്നെ അവർക്കായി കൊണ്ടുവരാനുള്ള ചിപ്സിന്റെയും മറ്റും ലിസ്റ്റുമായി ലഗ്ഗ്ഗേജ് റൂമിൽ നിന്ന് ബാഗുകളും എടുത്തു ഓഫീസ് ഗേറ്റിന്റെ മുമ്പിൽ എത്തി. ചെന്നൈ ആണ് സ്ഥലം. പകൽ സമയത്ത് 38 ഡിഗ്രിക്കു താഴെ താപനില വരുന്നത് വർഷത്തിൽ വളരെ ചുരുക്കം. അങ്ങനെ ചുട്ടുപൊള്ളുന്ന ചൂടിൽ ബാഗും പിടിച്ചു അടുത്തുള്ള ഷെയർ ഓട്ടോയിൽ കയറി. ഞാൻ കയറിയത് ഒട്ടും മൈൻഡ് ചെയ്യാതെ ഓട്ടോ ഡ്രൈവർ തന്റെ ഫോണിൽ തന്നെ ശ്രദ്ധ തുടർന്നു. പുള്ളിയെ സംബന്ധിച്ചു ഓട്ടോയിൽ മൂന്നോ നാലോ ആളാകാതെ വണ്ടി അനക്കില്ല. അങ്ങനെ കുറച്ചീർപ്പം പോലും ഇല്ലാത്ത കാറ്റുകൊണ്ട് ഓട്ടോയിൽ കുറച്ച് നേരം ഇരുന്നു. അപ്പോൾ അതാ കുറച്ചധികം ആളുകൾ ഓട്ടോയിൽ കയറി. പുള്ളി ഒരു ചെറു പുഞ്ചിരിയോടെ ഓട്ടോ സ്റ്റാർട്ട് ചെയ്തു.
തുറൈപ്പാക്കം (Thuraipakkam) വരെയെ ഓട്ടോ ഉള്ളു. പിന്നെ അവിടെനിന്നു ബസ്, അല്ലെങ്കിൽ അടുത്ത ഷെയർ ഓട്ടോ. ചൂട് കാറ്റും, വെന്തുരുകുന്ന വെയിലും കൂടി എന്റെ ഉള്ളിലെ ഗ്ളൂക്കോസ് എല്ലാം വലിച്ചെടുത്തത് കൊണ്ട് ബസ് കയറാൻ നിന്നില്ല. അപ്പോൾ പിന്നെ അടുത്ത ഷെയർ ഓട്ടോക്കായുള്ള കാത്തിരിപ്പ് തുടങ്ങി. 2 മിനിറ്റ് കഴിഞ്ഞു അതാ രജനി ഓട്ടോ മുമ്പിൽ വന്ന് നിന്നു. ‘രജനി’ ഓട്ടോയുടെ പേരല്ല കേട്ടോ, ഫ്രണ്ടിലെ ഫോട്ടോ കണ്ട് പറഞ്ഞതാ. ഓട്ടോയിൽ കയറി, ഒരറ്റത്തേക്കു ഇരിക്കുവാനുള്ള ഓട്ടോ ഡ്രൈവറുടെ ഉത്തരവ് മാനിച്ചു ഞാൻ ഒരറ്റം ചേർന്നിരുന്നു. കുറച്ച് കഴിഞ്ഞ് അടുത്തുള്ള ഹംപിൽ ഓട്ടോ കയറിഇറങ്ങിയപ്പോൾ കിടിലൻ തമിഴ് കുത്ത് പാട്ട് തുടങ്ങി. ഇടക്കൊക്കെ ഡ്രൈവർ പാട്ടിൽ മതിമറന്നു താളം കൊട്ടലും വിസിലടിയുമായി. ഈ ചൂട് വെയിലത്ത് ഇതുപോലെ എന്റർടൈൻമെന്റ് ഇല്ലെങ്കിൽ ഇവരുടെ ഒക്കെ അവസ്ഥ വളരെ കഷ്ടം ആയേനേ. അങ്ങനെ ഞങ്ങൾ കന്തൻചാവടി (kandanchavadi) എന്ന സ്ഥലത്തെത്തിയപ്പോൾ ഒരു ചെറിയ കുട്ടിയും അവളുടെ അച്ഛനും വണ്ടിയിൽ കയറി. ഒരു നല്ല മനോഹരമായ ചിരി ഒക്കെ പാസ്സാക്കി ആണ് പുള്ളികാരിയുടെ കയറ്റം. ഞാനും ഒന്ന് ചിരിച്ചു. പെട്ടെന്ന് തന്നെ അവൾ എന്റെ സൈഡിൽ നിന്നും കണ്ണ് അവളുടെ അച്ഛന്റെ അടുത്തേക്കോടിച്ചു. പിന്നെ പതുക്കെ പതുക്കെ ഒരു ഒളികണ്ണിട്ട് നോട്ടം. ഞാൻ നോക്കുന്നത് കണ്ടാൽ പിന്നെയും അച്ഛന്റെ അടുത്തേക്ക്. അടുത്ത സ്‌റ്റോപ്പിൽ ആളിറങ്ങിയപ്പോൾ ഡ്രൈവർ പാട്ടൊന്നു മാറ്റി. പിന്നെ ഇരിക്കാൻ കൂടുതൽ സ്ഥലം കിട്ടിയ സന്തോഷത്തിൽ അവൾ ഒരു ഡാൻസും തുടങ്ങി. നല്ല മിടുക്കി കുട്ടി, അവളുടെ ഡാൻസിനോടൊപ്പം ഇരട്ടി ഊർജജത്തോടെ ഡ്രൈവറും ഡാൻസ് സ്റ്റെപൊകെ ഇട്ടു. അങ്ങനെ ആടിയും പാടിയും ഓട്ടോ തിരുവാൺമിയൂർ (Thiruvanmiyur) സബർബൻ സ്റ്റേഷന് (suburban station) മുമ്പിൽ എത്തി. കുറച്ച് നേരം ചൂടും, കാറ്റും, ദൂരവും അറിയാതെ കടന്നു പോയി.
ഉച്ചഭക്ഷണം കഴിക്കാതെ കയറിയതു കൊണ്ട് അടുത്തുള്ള കടയിൽ നിന്ന് വെള്ളം മേടിച്ചു ടിക്കറ്റ് കൗണ്ടറിലേക്ക്. വിചാരിച്ചതിലും കൂടുതൽ തിരക്ക്, ക്യൂവിന്റെ നീളം ഓക്കെ മനസിലാക്കി ഏറ്റവും ചെറിയ ക്യൂവിൽ കയറിനിന്നു. അപ്പോൾ അതാ ഓട്ടോയിൽ കണ്ട അച്ഛനും മോളും. ഒരു വിടർന്ന പുഞ്ചിരി തൂകി അവൾ എന്നെ നോക്കി, എന്നിട്ട് അച്ഛനോട്, “അപ്പ അന്ത അങ്കിൾകും കൂടെ ടിക്കറ്റ് ഏടുങ്ക”. തന്റെ മോളുടെ അപേക്ഷ മാനിച്ചും, ഓട്ടോയിൽ കണ്ട പരിചയം നിമിത്തം പുള്ളി എന്നെ അടുത്ത് വിളിച്ചു എങ്ങോട്ടുള്ള ടിക്കറ്റ് എടുക്കണം എന്ന് ചോദിച്ചു. ഒട്ടും പ്രതീക്ഷിക്കാതെ വന്ന ചോദ്യമായത് കൊണ്ട്, ആദ്യം ഞാൻ ഒന്ന് മടിച്ചു. പിന്നെ “ഒരു ചെന്നൈ സെൻട്രൽ” എന്ന് പറഞ്ഞു.
അങ്ങനെ ടിക്കറ്റും എടുത്ത് ബാഗും ചുമന്നു, പതുക്കെ എസ്കലേറ്ററിൽ കയറി കുശലം പറച്ചിലും ആയി ഞങ്ങൾ മൂവരും പ്ലാറ്റഫോമിൽ എത്തി. പരിചയം പുതുക്കിയ ധൈര്യത്തിൽ അവൾ എന്നോട്. “അങ്കിൾ ഉങ്ക പേരെന്ന?” എന്ന് ചോദിച്ചു. “ക്ലിന്റൺ” എന്ന് മറുപടി പറഞ്ഞെങ്കിലും, കൂകി വന്ന ഞങ്ങടെ ട്രെയിൻ കാരണം ആരും കേൾക്കാതെ എന്റെ ശബ്ദം നിലച്ചു പോയി.
ട്രെയിനിൽ കയറി ഞങ്ങൾ ഒരു സൈഡ് സീറ്റിൽ ഇരുന്നു. ഇപ്പോൾ അവൾ ഫുൾ ആക്റ്റീവ് മോഡിലായി. പിന്നെ കുറേ ചോദ്യങ്ങളുടെ ഘോഷയാത്ര ആയിരുന്നു.
ഇടക്ക് പുറത്ത് പതിയെ മറഞ്ഞു പോകുന്ന പടുകൂറ്റൻ കെട്ടിടങ്ങളും, മരങ്ങളും അവളുടെ ശ്രദ്ധ ലേശം വ്യതിചലിപ്പിച്ചു. ആ സുന്ദരമായ ചിരിയും, കുണുങ്ങിക്കുണുങ്ങി ഉള്ള സംസാരവും ഇന്നും എന്റെ മനസ്സിൽ മായാതെ നിൽകുന്നു. ഇടക്ക് സമയം കിട്ടുമ്പോൾ ആലപ്പുഴയെ കുറിച്ചും, വീട്ടുകാരെ കുറിച്ചുളള ചോദ്യങ്ങളുമായി അവളുടെ അച്ഛനും ഞങ്ങടെ കൂടെ കൂടി. അങ്ങനെ ഓരോ സ്റ്റേഷനുകളും മാറി മാറി chepauk സ്റ്റേഷൻ എത്താറായപ്പോൾ എനിക്ക് നല്ല ഒരു ഉഷാർ ടാറ്റയും, ഫ്ലയിങ് കിസ്സും തന്നിറങ്ങിയ ആ കൊച്ചു സുന്ദരിയുടെ ചെവിയിൽ കണ്ട ഹിയറിങ് എയ്ഡ്, ചിലപ്പോൾ ഒക്കെ ഉള്ള ദൈവത്തിന്റെ ക്രൂര വികൃതിയുടെ ഒരു ഓർമപെടുതലായി എന്റെ മനസ്സിൽ തളം കെട്ടി നില്കുന്നു.

Leave a comment